കോഴിക്കോട് : രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ഉൾപ്പെടെ 300 പേർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്. ആർ.പി.എഫ് എസ്.ഐ ഷിനോജ്കുമാറിന്റെ പരാതി പ്രകാരം അതിക്രമിച്ചു കടക്കൽ, അന്യായമായി സംഘം ചേരൽ, സ്വത്ത് നശിപ്പിക്കൽ, കൃത്യ നിർവഹണം തടസപെടുത്തൽ, റെയിൽവേ സ്‌റ്റേഷന് സമീപം ബഹളം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
പൊലീസ് ലാത്തിച്ചാർജിൽ ഡി.സി.സി പ്രസിഡന്റിനടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിരുന്നു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ കുഴഞ്ഞു വീണു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ.എയുമായ അഡ്വ. ടി.സിദ്ദിഖ്, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനോജ് കുരുവട്ടൂർ എന്നിവർക്കും മർദ്ദനമേറ്റു.
വെള്ളിയാഴ്ച രാത്രി 'രാജ്യം അന്ധകാരത്തിൽ' എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിനു നേരെ കേരളാ പൊലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച പരസ്യത്തിലെ നരേന്ദ്ര മോദിയുടെ ഫ്ലക്സ് കീറിയെന്ന് ആരോപിച്ച് പ്രവർത്തകരിൽ ഒരാളെ ടൗൺ അസി. കമ്മിഷണർ പി. ബിജുരാജ് പിടികൂടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘപരിവാറിനെ സുഖിപ്പിയ്ക്കാൻ കേരള പൊലീസ് ശ്രമം : പ്രവീൺകുമാർ
കോഴിക്കോട്: മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചാർത്തി കേസെടുത്തതെന്നും സംഘപരിവാറിനെ സുഖിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കമെന്നും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. ഒരു ഭാഗത്ത് രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മറുഭാഗത്ത് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ ഉത്തരവിറക്കുകയുമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും പ്രവീൺകുമാർ കുറ്റപ്പെടുത്തി.
ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം ഇന്ന്
കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം നടത്തും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കിഡ്സൺ കോർണറിലാണ് സത്യാഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |