രാസവസ്തുക്കൾ ചേർക്കുന്ന സങ്കേതങ്ങൾ കാണാമറയത്ത്
ആലപ്പുഴ: മത്സ്യങ്ങളുടെ സാമ്പിൾ പരിശോധനയിൽ രാസവസ്തു സാന്നിദ്ധ്യം ഉറപ്പാക്കിയാലും നിയമനടപടികളിൽ നിന്ന് മീൻകച്ചവടക്കാർ രക്ഷപ്പെടുന്നു. ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ഇവർക്ക് തുണയാകുന്നത്. ചെറുകിട മത്സ്യവ്യാപാരികൾക്ക് ഇടനിലക്കാർ വഴിയാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. രാസവസ്തുക്കൾ ചേർക്കുന്ന സങ്കേതങ്ങൾ കണ്ടെത്തിയാൽ മാത്രമേ നിയമനടപടി എടുക്കാനാവൂ.
ഫോർമാലിൻ സാന്നിദ്ധ്യം ഉടൻ കണ്ടെത്താനുള്ള സ്ട്രിപ്പ് കിറ്റ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകാറുണ്ടെങ്കിലും ജില്ലയിൽ ആവശ്യത്തിന് കിറ്റുകൾ ലഭ്യമായിട്ടില്ല. മത്സ്യത്തിൽ രാസവസ്തു കലർന്നിട്ടുണ്ടെങ്കിൽ 3 സെക്കൻഡിനകം സ്ട്രിപ്പിന്റെ നിറം മാറും. ഫോർമാലിൻ കൂടാതെ അമോണിയയും മീനുകളിൽ കലർത്താറുണ്ട്. ഗോവ, കർണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഫോർമാലിൻ ചേർത്ത മത്സ്യം വ്യാപകമായി എത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സംസ്ഥാന തീരത്ത് മത്സ്യം കുറഞ്ഞതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് രാസവസ്തുക്കൾ കലർത്തിയ മത്സ്യം വൻതോതിൽ മാർക്കറ്റുകളിൽ എത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കിയെങ്കിലും വലിയ പ്രയോജനമില്ല. ചൂടു കൂടിയതിനാൽ ബോട്ടുകൾ കടലിൽ പോകാത്തതിനാൽ മത്സ്യവരവ് കുറഞ്ഞതാണ് മറ്റ് മേഖലകളിൽ നിന്ന് മത്സ്യമെത്താൻ വഴിയൊരുക്കിയത്.
ഫലം കിട്ടാൻ കാലതാമസം!
ജില്ലയിൽ മൂന്ന് സ്‌ക്വാഡുകൾ നടത്തിയ പരിശോധന മാർച്ചിൽ ഇന്നലെവരെ 46 കേന്ദ്രങ്ങളിൽനിന്ന് പിടികൂടിയത് രാസവസ്തുക്കൾ കലർത്തിയ 295 കിലോ മത്സ്യം. ചൂര, മങ്കട, കേര, അയല തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ആലപ്പുഴ, കായംകളും നഗരസഭകളിലെ വിവിധ മാർക്കറ്റുകളിൽ നിന്നാണ് കൂടുതൽ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും മീനിലെ രാസവസ്തു സാന്നിദ്ധ്യം കണ്ടെത്തുന്നതിലെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകൾ ഇവർക്കുണ്ട്. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ച് ഫലം ലഭിച്ചാൽ മാത്രമേ രാസവസ്തു സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയൂ. ഇതിന് കാലതാമസമുണ്ടാവും.
വില്ലനാണ് ഫോർമാലിൻ
മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇത് മത്സ്യങ്ങളിൽ പുരട്ടിയാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. ഈ മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഫോർമാലിൻ അധികമായി ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഫോർമാലിൻ ഉള്ളിൽ ചെന്നാൽ കുട്ടികളിൽ ജനന വൈകല്യങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ജില്ലയിലെ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാനത്തു നിന്ന് മത്സ്യങ്ങൾ എത്തുന്ന സാഹചര്യം മുന്നിൽ കണ്ടാണ് മറ്റ് പരിശോധനകൾക്കൊപ്പം മാർക്കറ്റുകളിലെ പരിശോധനയും കർശനമാക്കിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും
ജി.രഘുനാഥക്കുറുപ്പ്, ഭക്ഷ്യ സുരക്ഷ അസി.കമ്മീഷണർ
മാർച്ചിൽ നശിപ്പിച്ചത്: 295 കിലോ
പരിശോധനകൾ: 46
നോട്ടീസ്: 7 പേർക്ക്
ദിവസം പരിശോധനയ്ക്ക് 3 സ്‌ക്വാഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |