കൊടുങ്ങല്ലൂർ : കാളിദാരിക യുദ്ധത്തിൽ ദേവി വിജയിച്ചതിന്റെ ആഹ്ലാദമായി വെന്നിക്കൊടി ഉയർത്തി. ദേവിക്ക് വരിയരി പായസം നിവേദിച്ചു. പട്ടാര്യ സമുദായം കുശ്മാണ്ഡബലി നടത്തി. ഭരണി മഹോത്സവം സമാപിച്ചു. താലി സമർപ്പണം, വെന്നിക്കൊടി നാട്ടൽ, കുശ്മാണ്ഡ ബലി, ഭഗവതിക്ക് വരിയരിപ്പായസ നിവേദ്യ സമർപ്പണം എന്നിവയാണ് ഭരണി നാളായ ശനിയാഴ്ച നടന്നത്.
മത്സ്യ തൊഴിലാളികൾ പുലർച്ചെ മുതൽ വിവിധ ഇടങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെയും താലങ്ങളുടെയും അകമ്പടിയിൽ ഘോഷയാത്രയായെത്തിയാണ് താലി സമർപ്പിച്ചത്. ക്ഷേത്രാങ്കണത്തെ വലം വെച്ച് കിഴക്കേ നടയിൽ താലം ചൊരിയലിന് ശേഷമായിരുന്നു താലി സമർപ്പണം. പട്ടാര്യ സമുദായത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രത്യേകം സ്ഥാപിച്ച അടക്കാമരത്തിലാണ് വെന്നിക്കൊടി ഉയർത്തിയത്.
തുടർന്ന് പടിഞ്ഞാറെ നടയിലും വടക്കേ നടയിലും പട്ടാര്യ സമുദായത്തിന്റെ പരമ്പരാഗത ചടങ്ങായ കുശ്മാണ്ഡ ബലിയും നടന്നു. വെള്ളിയാഴ്ച തൃച്ചന്ദനച്ചാർത്ത് പൂജയ്ക്ക് ശേഷം നട അടച്ച് അടുത്ത ദിവസം രാവിലെ പൂജാരിമാരായ അടികൾമാർ ക്ഷേത്രത്തിന്റെ കിഴക്കേ നട തുറന്ന് അകത്ത് പ്രവേശിച്ചാണ് ചടങ്ങുകൾ നിർവഹിച്ചത്. പട്ടാര്യ സമുദായ ഭാരവാഹികളായ പ്രസിഡന്റ് സജീവ്, സെക്രട്ടറി ജയൻ തെക്കേടത്ത് എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് ഭരണി നാളിൽ നടന്ന താലം വരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |