ടി. ഫാത്തിമ രെഹ് ന
ഒരു പരിചയപ്പെടുത്തലില്ലാതെ മുമ്പിലേക്ക്, എനിക്ക് കടന്ന് ചെല്ലാവുന്ന ഒരു വ്യക്തി കൂടി കടന്ന് പോയിരിക്കുന്നു. 40 വർഷങ്ങൾക്ക് മുമ്പ് 'ഓർമ്മയ്ക്കായി' എന്ന ചിത്രത്തിന്റെ പ്രിവ്യു കാണാൻ പോയപ്പോഴാണ് ആദ്യമായി പരിചയപ്പെട്ടത്. ഡേവിഡ് കാച്ചപ്പിള്ളിയുടെ സുഹൃത്ത് , സിനിമയുടെ നിർമ്മാണ പങ്കാളി എന്ന് പറഞ്ഞ് ഉപ്പ ( പ്രശസ്ത സിനിമാ ജേണലിസ്റ്റായിരുന്ന ടി.എച്ച്.കോടമ്പുഴ) പരിചയപ്പെടുത്തി. ചിത്രത്തിൽ ഇന്നച്ചൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കൊണ്ട് ആ പരിചയപ്പെടുത്തൽ ഓർമയിൽ തങ്ങി നിന്നു. മാത്രമല്ല, സിനിമയിലേക്ക് എത്തും മുമ്പുള്ള ഇന്നച്ചന്റെ കഥകൾ കേട്ടപ്പോൾ എനിക്ക് അദ്ദേഹം ഒരു കൗതുക കഥാപാത്രമായി. പിന്നീട് ആ ഒരു കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ഞാൻ സ്ക്രീനിൽ കണ്ടതും ആസ്വദിച്ചതും.
എഴുതി തുടങ്ങിയ ശേഷം, ഉപ്പയുടെ വിവരണങ്ങൾ കേട്ട് അദ്ദേഹത്തെക്കുറിച്ച് ഒരു പാട് ലേഖനങ്ങൾ എഴുതിയിരുന്നു. എന്നാൽ വീണ്ടും അദ്ദേഹത്തെ നേരിൽ കാണുന്നത് വർഷങ്ങൾക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാൽ, കോഴിക്കോട് നടന്ന 'അമ്മ' യുടെ ആരംഭകാല ഷോയുടെ പ്രവർത്തന വേളയിൽ. അതിന് ശേഷം നിരവധി തവണ കണ്ടുമുട്ടലുകൾ ആവർത്തിച്ചു.
ഏറ്റവും ഒടുവിൽ കണ്ടത്, ഇത് പോലൊരു റമളാൻ മാസത്തിൽ. കൊച്ചി മാരിയറ്റിൽവെച്ച്. അന്ന് നോമ്പ് തുറക്കാൻ ഇരിക്കെ, യാദൃച്ഛികമായി കണ്ടതാണ്. ഇതാരാണെന്നറിയോ എന്ന ആമുഖത്തോടെ അദ്ദേഹം ഭാര്യക്ക് എന്നെ പരിചയപ്പെടുത്തി. നോമ്പ് തുറ കഴിഞ്ഞ് ഒരു പാട് നേരം ഞങ്ങൾ സംസാരിച്ച് ഇരുന്നു.
അന്ന് മടങ്ങുമ്പോൾ, വീണ്ടും എന്ന് കാണും, എപ്പോൾ കാണും എന്നൊന്നും ആലോചിച്ചിരുന്നില്ല. ആവശ്യം പോലെ വിളിക്കാനും കാണാനും ഒരു സ്വതന്ത്ര്യം ഉള്ള ബന്ധങ്ങളിൽ അത്തരം ചിന്തകൾക്ക് സ്ഥാനം ഇല്ലല്ലോ.
എന്നാൽ ഇപ്പോൾ ആ ചിന്ത ഒരു വേദനയാവുന്നു. ഇനി കാണാനും കേൾക്കാനും ഇന്നച്ചൻ ഇല്ലല്ലോ എന്ന് അറിയുമ്പോൾ..... ഒട്ടും ഗൗരവം വിടാതെ അദ്ദേഹം തമാശ പറയുന്നത് കേട്ട് കൂടെ ഇരുന്ന് പൊട്ടിച്ചിരിക്കാൻ ഇനി ആവില്ലല്ലോ എന്ന് ഓർക്കുമ്പോൾ.
മരണമില്ലാത്ത ആ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനയോടെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |