കോഴിക്കോട്: അനാഥരുടെ വിദ്യാഭ്യാസത്തിനും നിർധനരുടെ ചികിത്സയ്ക്കുമായി ജെ.ഡി.ടി- ഇഖ്റ നടപ്പാക്കുന്ന ഇമാദ് ചാരിറ്റി പദ്ധതിയുടെ ലോഗോ പ്രകാശനം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും ജെ.ഡി.ടി ഇസ്ലാം ശതാബ്ദി കമ്മിറ്റി ചെയർമാനുമായ എം.പി. അഹമ്മദ് നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കുന്ന മികവിന്റെ കേന്ദ്രമായി ജെ.ഡി.ടി മാറുമെന്നും ഇതിനായി കഴിയുന്ന രീതിയിൽ സംഭാവന നൽകാമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജെ.ഡി.ടി വാങ്ങിക്കുന്ന ഭൂമിയിൽ അഞ്ച് ഏക്കർ മലബാർ ഗ്രൂപ്പ് സംഭാവന ചെയ്യും. ലഭ്യമാവുന്ന ഫണ്ടിന് അനുസൃതമായാവും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയെന്ന് എം.പി. അഹമ്മദ് വ്യക്തമാക്കി.
ജെ.ഡി.ടിയും ഇഖ്റയും വിഭാവനം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നിർവഹിക്കുന്നതിന് വേണ്ടിയാണ് ഇമാദ് ചാരിറ്റി ആരംഭിക്കുന്നതെന്ന് ഇഖ്റ ഇന്റർ നാഷണൽ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറും ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി സെക്രട്ടറിയുമായ ഡോ. പി.സി. അൻവർ പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്വത്തോടെയാണ് പദ്ധതി നടപ്പാക്കുക.അടുത്ത ഒരു വർഷത്തിനുള്ളിൽ 30 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം ആളുകൾ ആയിരം രൂപ നൽകുന്ന 1കെ ചലഞ്ചും 2000 ആളുകളിൽ നിന്ന് ഒരു ലക്ഷം രൂപ സമാഹരിക്കുന്ന പദ്ധതിയും നടപ്പാക്കും. ഇങ്ങനെ സമാഹരിക്കുന്ന തുക ജെ.ഡി.ടിയിലും ഇഖ്റയിലുമായി പ്രത്യേകം പ്രഖ്യാപിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
ജെ.ഡി.ടിക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഴുവൻ നിർദ്ദേശങ്ങൾക്കനുസൃതമായി 25 ശതമാനം സീറ്റുകൾ അനാഥരും അഗതികളുമായ വിദ്യാർത്ഥികൾക്ക് സൗജന്യമായി മാറ്റിവെയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ഇമാദ് ചാരിറ്റിയിൽ നിന്ന് ലഭ്യമാക്കും.ആശുപത്രിയിൽ നിലവിൽ രണ്ടരക്കോടി രൂപ പ്രതിമാസം വിവിധതരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. ഇമാദ് ചാരിറ്റി ഉപയോഗപ്പെടുത്തി സാമ്പത്തികമായി ഏറ്റവും പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് എല്ലാ ദിവസങ്ങളിലും ഏതെങ്കിലും ഒരു സർജറി സൗജന്യമായി ചെയ്തു നൽകും.
പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും ജെ.ഡി.ടി ഇസ്ലാം ശതാബ്ദി കമ്മിറ്റി ചെയർമാനുമായ എം.പി. അഹമ്മദ്, ഇഖ്റ ഇന്റർ നാഷണൽ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറും ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി സെക്രട്ടറിയുമായ ഡോ. പി.സി. അൻവർ, ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് ഡോ.വി.ഇദ്‌രീസ്, ജോയിന്റ് സെക്രട്ടറി എം.പി. അബ്ദുൽ ഗഫൂർ, ആരിഫ്, ഹംസതയ്യിൽ, മുഹമ്മദ് ജസീൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |