തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ താത്കാലിക വൈസ്ചാൻസലർ നിയമനത്തിന് ഗവർണർക്ക് നേരത്തേ നൽകിയ പാനൽ സർക്കാർ പുതുക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ.വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരാണ് പാനലിലുണ്ടായിരുന്നത്. ഇതിൽ ഡോ.വൃന്ദയും സതീഷ് കുമാറും 31ന് വിരമിക്കുന്നതിനാലാണ് പാനൽ പുതുക്കുന്നത്.
ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിനെ പാനലിൽ ഉൾപ്പെടുത്താനോ, ബൈജു ബായിക്ക് ചുമതല നൽകണമെന്ന് അഭ്യർത്ഥിക്കാനോ ഇടയുണ്ട്. ഡോ.രാജശ്രീയെ സുപ്രീം കോടതി വി.സി സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോൾ പകരം ചുമതല ഏറ്റെടുക്കാൻ ബൈജു ബായിയോട് ഗവർണർ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. ബൈജു ബായിക്ക് മേയ് വരെയേ കാലാവധിയുള്ളൂ. പ്രൊഫ. സിസാ തോമസ് 31ന് വിരമിക്കുമ്പോൾ പകരം ചുമതല ആർക്ക് നൽകണമെന്ന് സർക്കാരിനോട് കത്തെഴുതി ചോദിച്ച ഗവർണർ, സജി ഗോപിനാഥിനോ സർക്കാർ നിർദ്ദേശിക്കുന്ന മറ്റാർക്കോ ചുമതല നൽകാൻ വിരോധമില്ലെന്നും അറിയിച്ചിട്ടുണ്ട്. താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു.സിസാതോമസ് ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.ഏപ്രിൽ രണ്ടിന് നിയമോപദേശകരുമായി കേസ് നടത്തിപ്പിനെക്കുറിച്ച് ചർച്ച നടത്തിയ ശേഷം 3ന് ഗവർണർ ഡൽഹിയിലേക്ക് പോവും. 8ന് തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |