SignIn
Kerala Kaumudi Online
Thursday, 19 September 2024 8.10 AM IST

പഠനനിലവാരമുയർത്താൻ പുതിയ പടവുകൾ

Increase Font Size Decrease Font Size Print Page

photo

വിദ്യാഭ്യാസരംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾ സ്‌കൂൾ വിദ്യാഭ്യാസമേഖലയ്ക്ക് പ്രയോജനപ്പെത്താനുള്ള കേരള വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വരെ കോവളത്ത് നടക്കുന്ന സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഈ മുന്നേറ്റത്തിന്റെ ആദ്യ പടവാണ്.

വിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് അന്തർദേശീയ കൂട്ടായ്മയുടെ ലക്ഷ്യം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയ്‌ക്കാണ് ത്രിദിന സെമിനാറിന്റെ നേതൃത്വം. നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയത്തെ മുൻനിറുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 350 ലധികം പ്രതിനിധികൾ ഒൻപത് വിദ്യാഭ്യാസ മേഖലകളിലായി 150 ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങളുമുണ്ടാകും.

കുട്ടികൾക്കുണ്ടായ പഠനപ്രശ്നങ്ങൾ വിദ്യാഭ്യാസവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്താദ്യമായി കുട്ടികളുടെ പഠനം വിലയിരുത്തുന്നതിന് സർവേ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും എസ്.സി.ഇ.ആർ.ടി യോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഗുണമേന്മ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിക്കും.

സംസ്ഥാനത്താദ്യമായി അദ്ധ്യാപക പരിശീലനം റെസിഡൻഷ്യൻ മാതൃകയിലേക്ക് മാറ്റപ്പെട്ടതും സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് ആറുദിവസത്തെ റെസിഡൻഷ്യൽ പരിശീലനം നൽകിയതും കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായിരുന്നു. സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിലെ ഗവേഷകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടേയും സാന്നിദ്ധ്യം കേരള വിദ്യാഭ്യാസ മേഖലയിലെ പുതിയ ശ്രമങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് കരുതുന്നു.

പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണമാണ് കേരളത്തിൽ നടക്കുന്നത്. വിപുലമായ ജനകീയ ചർച്ചകൾക്ക് ശേഷമാണ് പരിഷ്‌കരണ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പഠിതാക്കൾ അഭിപ്രായം പറയുകയെന്ന പുതിയ അനുഭവം സൃഷ്ടിക്കാനുമായി. വൈജ്ഞാനിക രംഗത്തുണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും കാലോചിതമായി ഉൾക്കൊള്ളാനും പരിഷ്‌കരിക്കാനും ഏറ്റെടുക്കാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ് ഇക്കാലത്തിന്റെ ആവശ്യം.

പുതിയ പൊതുവിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് നടക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഗവേഷണ അനുഭവങ്ങൾ സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിൽ പങ്കുവയ്ക്കുമ്പോൾ അത് മേൽ സൂചിപ്പിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ദിശാഗതിയെ സ്വാധീനിക്കും. കേരള വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്ത ഏജൻസികളുടെ തലവന്മാർ ആ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അവതരിപ്പിക്കും. നാം രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയുടെ ഫലപ്രാപ്തി നിരന്തരം വിലയിരുത്തുന്ന ഗവേഷക സമൂഹത്തെ രൂപപ്പെടുത്താൻ സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസിന് കഴിയും. നിരന്തരം പുതുക്കപ്പെടുന്ന പാഠ്യപദ്ധതിയിലേക്ക് ഇത്തരം ഗവേഷണങ്ങൾ നമ്മെ നയിക്കും.

ചർച്ചകളും സംവാദങ്ങളുമാണ് നിരന്തരം പുതുക്കപ്പെടുന്ന വിദ്യാഭ്യാസ വ്യവസ്ഥയെ സൃഷ്ടിക്കുന്നത്. സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഇത്തരത്തിലുള്ള ഒരു ഇടം കൂടിയാണ്‌. ചോദ്യങ്ങളെയും സംവാദങ്ങളെയും ഭയപ്പെടുത്തി ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് വിദ്യാഭ്യാസ കോൺഗ്രസ് എന്നത് ഈ കൂട്ടായ്മയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള ഗവേഷണാനുഭവങ്ങളാണ് പങ്കുവയ്‌ക്കുന്നത്.
ആദ്യകാല ശൈശവ പരിചരണവും വികാസവും സംബന്ധിച്ച ചർച്ചകൾക്കായി പ്രീസ്‌കൂൾ മേഖലയിൽ അവതരണങ്ങളും ചർച്ചകളും നടക്കും.

വരുംകാലത്തെ അദ്ധ്യാപക വിദ്യാഭ്യാസം എങ്ങനെയാകണമെന്നും അദ്ധ്യാപക വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ഘടനകൾ സംബന്ധിച്ച് അദ്ധ്യാപക വിദ്യാഭ്യാസ മേഖലയിലും തൊഴിൽ വിദ്യാഭ്യാസമേഖല സംബന്ധിച്ച് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസമെന്ന തലക്കെട്ടിലും ചർച്ചകൾ നടക്കുന്നു. പൊതു സെഷനുകൾക്കൊപ്പം മൂന്ന് സമാന്തര സെഷനുകളിലായാണ് വിദ്യാഭ്യാസ കോൺഗ്രസ് നടക്കുക .

ബോധനരീതികളിലെ നൂതന ആശയങ്ങൾ, പാഠ്യപദ്ധതിയുടെ നടത്തിപ്പും ആസൂത്രണവും മൂല്യനിർണയത്തിലെ നവീനരീതികൾ ,സ്‌കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും എന്നീ മേഖലകളിലും പ്രബന്ധാവതരണങ്ങളും ചർച്ചകളുമുണ്ടാവും. അവതരിപ്പിക്കുന്ന ഗവേഷണ അനുഭവങ്ങളെ വിലയിരുത്തുന്നതിനും പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ദേശീയ തലത്തിലുള്ള വിദഗ്ധരുടെ വലിയ നിരയുണ്ടാകും. ചർച്ചകളിൽ നിന്നും ഉയർന്നുവരുന്ന വ്യത്യസ്ത ആശയങ്ങളെ ക്രോഡീകരിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലെ ഗുണപരമായ കാര്യങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഭാവിയിൽ നടത്തുന്ന ഇടപെടലുകൾക്ക് ഉപയോഗപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ ,സ്‌കൂളുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ,വിവിധ വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ മൂന്നുദിവസത്തെ കൂടിച്ചേരൽ കോവളത്ത് നടക്കുമ്പോൾ പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് ശക്തമായ ഏകോപനമാണ് ഒരുങ്ങുന്നത്‌ . സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ നേടുവാൻ ഈ ഏകോപനത്തിന് കഴിയുമെന്ന് കരുതുന്നു. ഒപ്പം ഈ വർഷത്തെ ഈ അക്കാഡമിക സമ്മേളനത്തിന്റെ വിലയിരുത്തലുകൾ നടത്തി ഈ കൂട്ടായ്മ കൂടുതൽ മികച്ചരീതിയിൽതുടരുന്നതിന് സർക്കാർ ആലോചിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനുള്ള മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സന്നദ്ധതയും ഈ ആലോചനയെ ശക്തിപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL EDUCATION CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.