തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023-24 വർഷത്തെ ലീവ് സറണ്ടർ നീട്ടി. ലീവ് സറണ്ടർ അപേക്ഷകൾ ജൂൺ 30 വരെ നൽകാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ലീവ് സറണ്ടർ അപേക്ഷ ഉടൻ സമർപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. സാമ്പത്തിക വർഷത്തെ അവസാന ദിവസമായ ഇന്നാണ് ഉത്തരവിറങ്ങിയത്.
സാധാരണയായി സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ ബാക്കിയുള്ള ലീവ് സറണ്ടർ ചെയ്ത് പണം വാങ്ങാമായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലീവ് സറണ്ടറിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ലീവ് സറണ്ടർ വഴി സർക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് ലക്ഷ്യം. അതേസമയം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിജന്റ് എംപ്ലോയീസ്, പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റൻഡേഴ്‌സ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണൽ സ്റ്റാഫിലുള്ള പാചകക്കാർ എന്നിവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്നലെ ശമ്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു പി.എഫിൽ ലയിപ്പിക്കുന്നതും സർക്കാർ നീട്ടിവച്ചിരുന്നു, 2022-23 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഡിസംബർ 31നാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. നാലു വർഷത്തെ ലോക്ക് ഇൻ പീരിഡോടു കൂടിയാണ് പി.എഫിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് നാലുവർഷ കാലയളവിൽ ഒരുതരത്തിലും പണം പിൻവലിക്കാൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |