ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി അഞ്ചു ലക്ഷം രൂപവരെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. മൂന്നു ദിവസത്തിനുള്ളിൽ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. നിലവിൽ ഒരു ലക്ഷമായിരുന്നു പരിധി. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം, വീട് വാങ്ങൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി മുൻകൂറായി അപേക്ഷിച്ച് പണം പിൻവലിക്കാനുള്ള ഒാട്ടോ സെറ്റിൽമെന്റ് സംവിധാനത്തിന് കീഴിലാണിതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഏഴ് കോടിയിലധികം അംഗങ്ങൾക്ക് പ്രയോജനപ്പെടും.
അംഗങ്ങൾക്ക് ഇ.പി.എഫ് വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി മുൻകൂറായി അപേക്ഷിക്കാവുന്ന സംവിധാനം കൊവിഡ് കാലത്താണ് നിലവിൽ വന്നത്. ഒാട്ടോസെറ്റിൽമെന്റ് സംവിധാനത്തിന് കീഴിൽ അപേക്ഷകൾ ഡിജിറ്റലായി പരിശോധിച്ച് മൂന്നു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ), ആധാർ എന്നിവയുമായി ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ പണമെത്തും.
2.34 കോടി തീർപ്പാക്കി
2024-2025 സാമ്പത്തിക വർഷത്തിൽ ഇ.പി.എഫ്.ഒ മുൻകൂർ അപേക്ഷകളിലൂടെ 2.34 കോടി തീർപ്പാക്കിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ 59 ശതമാനവും ഒാട്ടോസെറ്റിൽമെന്റാണ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടര മാസങ്ങളിൽ 76.52 ലക്ഷം ക്ലെയിമുകൾ ഓട്ടോസെറ്റിൽമെന്റായി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |