ന്യൂഡൽഹി: പുതിയ ജീവനക്കാരുടെ ഒരു മാസത്തെയും തൊഴിലുടമകളുടെ രണ്ടു വർഷത്തെയും ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ നൽകുന്ന തൊഴിൽബന്ധിത പ്രോത്‌സാഹന പദ്ധതിക്ക് (ഇ.എൽ.ഐ) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2025 ആഗസ്റ്റ് ഒന്നിനും 2027 ജൂലായ് 31നും ഇടയിൽ നടത്തുന്ന നിയമനങ്ങൾക്കാണ് ബാധകം. ഏകദേശം 1.92 കോടി പേർക്കു പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇ.പി.എഫ്.ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50ൽ താഴെ ജീവനക്കാരുള്ള തൊഴിലുടമകൾ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ട് ജീവനക്കാരെയോ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള തൊഴിലുടമകൾ അഞ്ച് ജീവനക്കാരെയോ പുതുതായി നിയമിച്ചാൽ ഈ ആനുകൂല്യം ലഭിക്കും. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന് പരിധി വച്ചിട്ടില്ല.
രണ്ടു വർഷത്തിനുള്ളിൽ മൂന്നര കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 99,446 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഉൽപ്പാദനമേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ഒരുലക്ഷം രൂപവരെ ശമ്പളമുള്ളവരുടെ 15,000 രൂപ വരെയുള്ള ഇ.പി.എഫ് വിഹിതമാണ് കേന്ദ്രസർക്കാർ നൽകുക.
ആദ്യ ഗഡു ആറുമാസത്തിനും രണ്ടാം ഗഡു 12 മാസത്തിനും ശേഷമേ നൽകൂ. ഒരു ഭാഗം നിശ്ചിത കാലയളവിൽ സേവിംഗ്‌സ് ആയി സൂക്ഷിക്കും. ജീവനക്കാരന് അതു പിന്നീടു പിൻവലിക്കാം.
തൊഴിലുടമകൾക്ക് നേട്ടം
ഒരുലക്ഷം രൂപവരെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പ്രതിമാസം 3000 രൂപ വരെയുള്ള തൊഴിലുടമകളുടെ ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ നൽകും. സ്ഥാപനങ്ങൾക്ക് രണ്ടു വർഷം വരെയും നിർമാണമേഖലയിൽ ഇത് നാലു വർഷം വരെയും നൽകും.
ശമ്പളവും ഇ.പി.എഫ് വിഹിതവും
10,000 രൂപ വരെ...................................................... 1000
10,000-20,000 ............................................................ 2000
20,000-ഒരുലക്ഷം.................................................... 3000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |