SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.23 AM IST

സർക്കാരിന്റെ രണ്ടാം വാർഷികത്തിന് തുടക്കംകുറിച്ച് മുഖ്യമന്ത്രി,​ കേരളം ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാവും

tourism

കൊച്ചി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് മുൻഗണന നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന- വിപണന - സാംസ്കാരിക മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങളിൽ മദ്ധ്യവരുമാന നിരയിലുള്ള രാജ്യങ്ങൾക്കൊപ്പം അടുത്ത 25 വർഷത്തിനകം കേരളത്തിന്റെ സാമ്പത്തിക, സാമൂഹികരംഗം ഉയർത്തുകയാണ് ലക്ഷ്യം. അതിനായി നിരവധി കർമ്മപദ്ധതികൾക്ക് തുടക്കം കുറിച്ചു. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, ബേപ്പൂർ, ബേക്കൽ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.

ഒരുമയാണ് കേരളത്തിന്റെ കരുത്ത്. എന്നാൽ വികസനകാര്യങ്ങളിൽ ഒന്നും നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നയം. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥതയോ കാലതാമസമോ നേരിട്ടാൽ ചൂണ്ടിക്കാണിക്കാം. ഏത് വികസനത്തെയും കണ്ണുമടച്ച് എതിർക്കുന്നത് പ്രതിപക്ഷ മര്യാദയല്ല. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ബഹിഷ്കരിച്ച യു.ഡി.എഫിന്റെ നയം ജനങ്ങൾ വിലയിരുത്തണം. ഇന്നലെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും യു.ഡി.എഫ് ബഹിഷ്കരിച്ചു.

ഈ സർക്കാർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 18000 കോടിരൂപയുടെ വികസനം കിഫ്ബി വഴി നടപ്പിലാക്കി. അതിൽ പലതിന്റെയും ഉദ്ഘാടനം നടക്കാൻ പോവുകയാണ്. പദ്ധതി നടത്തിപ്പിൽ യു.ഡി.എഫ് മണ്ഡലം എന്നോ എൽ.ഡി.എഫ് മണ്ഡലം എന്നോ വ്യത്യാസം ഉണ്ടായിട്ടില്ല. സാമൂഹ്യനീതിയാണ് സർക്കാർ നടപ്പിലാക്കിയത്. എല്ലാ പരിപാടികളും ബഹിഷ്കരിക്കുന്നവർ ഇതിനോടകം പൂർത്തിയാക്കിയ കിഫ്ബി പദ്ധതികളുടെ ഉദ്ഘാടനവും ബഹിഷ്കരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരും എം.എൽ.എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.പി. ശ്രീനിജിൻ, കെ.ജെ. മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മേയർ അഡ്വ. എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി വി.പി. ജോയി സ്വാഗതം പറഞ്ഞു.

സഞ്ചാരികൾക്കായി ഒരുങ്ങുന്നത്

1.വിനോദസഞ്ചാരികളുടെ ചാർട്ടർ വിമാനങ്ങൾ ഇറക്കാൻ പാകത്തിന് ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാൻ 125 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

2. 615 കിലോമീറ്റർ ദൈർഘ്യമുള്ള ബേക്കൽ- കോവളം വെസ്റ്റ് കോസ്റ്റ് കനാൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കനാലിന്റെ ഇരുകരകളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 300 കോടിരൂപ നീക്കിവച്ചിട്ടുണ്ട്.

3. ഇത്തരം കേന്ദ്രങ്ങളിൽ പ്രാദേശികമായ ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നതിനും നാടൻ കലാരൂപങ്ങൾ ആസ്വദിക്കുന്നതിനും സൗകര്യമുണ്ടാകും. കുമരകത്ത് നാടൻകലാമേളയുടെ പ്രദർശനത്തിനും വിനോദസഞ്ചാരവികസനത്തിനുമായി ഭൂമി ഏറ്റെടുക്കാൻ 300 കോടിരൂപ കൂടി വകയിരുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.