ആലപ്പുഴ: വിഷു-ഈസ്റ്റർ പ്രമാണിച്ച് കയർഫെഡിന്റെ ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. മെത്തകൾക്ക് 50ശതമാനം വരെ വിലക്കിഴിവുണ്ടാകും. 1990ലാണ് കയർഫെഡ് പൊതുമേഖലയിലെ ആദ്യത്തെ മെത്ത നിർമ്മാണ യൂണിറ്റായ റബറൈസ്ഡ് കയർ പ്രൊഡക്ട്സ് യൂണിറ്റ് ആലപ്പുഴയിൽ ആരംഭിച്ചത്. 2012ൽ യൂണിറ്റ് ആധുനിക മെഷീനറികൾ സ്ഥാപിച്ച് നവീകരിച്ച് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിന്റെ ബി.ഐ.എസ് സർട്ടിഫിക്കേഷൻ മാർക്കോടെയാണ് മെത്തകൾ പുറത്തിറക്കിയത്.
പി.വി.സി ടഫ്റ്റഡ് മാറ്റുകൾ ഉത്പാദിപ്പിക്കുന്ന കണിച്ചുകുളങ്ങരയിലെ കയർഫെഡിന്റെ ഫാക്ടറിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏപ്രിൽ പകുതിയോടെ ഇവിടെ ഉത്പാദനം ആരംഭിച്ച് നൂതന പി.വി.സി ടഫ്റ്റഡ് മാറ്റുകളും ലാറ്റക്സ് ബാക്ക്ഡ് ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ്. ചകിരിച്ചോർ, ജൈവവളം (കൊക്കോഫെർട്ട്), പിത്ത് ബ്രിക്കറ്റ്, പ്രകൃതി സൗഹൃദ ചെടിച്ചട്ടികൾ (കൊക്കോപോട്ട്) എന്നിവയും മിതമായ നിരക്കിൽ കയർഫെഡിന്റെ വിപണനശാലകളിൽ ലഭ്യമാണ്.
ഉത്പാദനവും വിപണനവും കൂടി
കയർഫെഡിൽ സ്റ്റോക്കിരിക്കുന്ന കയറിന്റെ വില്പന 30ശതമാനം ഡിസ്‌കൗണ്ടിൽ നടന്നുവരുന്നു. കയർമേഖലയ്ക്കായി 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ തുകയിൽ 85 കോടിയിലേറെ രൂപ ചെലവഴിക്കാൻ കഴിഞ്ഞതിനാൽ മേഖലയിൽ കൂടുതൽ ഉത്പാദനവും വിപണനവും നടന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ സാമ്പത്തികവർഷം ആകെ 5.63കോടി രൂപ വിലവരുന്ന 7,66,000 ചതുരശ്ര മീറ്റർ കയർ ജിയോടെക്സ്റ്റയിൽസിന്റെ വിപണനം നടത്തി.
കയർമേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കയർതൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.
-ടി.കെ.ദേവകുമാർ,ചെയർമാൻ, കയർഫെഡ്
പ്രധാന ഉത്പന്നങ്ങൾ
മെത്തകൾ
കുഷ്യനുകൾ
തലയണകൾ
അങ്കണവാടി മെത്തകൾ
വില്പന നടത്താൻ
52 ലധികം സ്വന്തം ഷോറൂമുകൾ
46 ഏജൻസി ഷോറൂമുകൾ
പൊലീസ് കാന്റീനുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |