ബംഗളൂരു: പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് കന്നുകാലി വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കർണാടക രാമനഗര ജില്ലയിലെ സാത്തനൂരിൽ ഇദ്രീസ് പാഷ ആണ് മരിച്ചത്. വിൽപ്പന നടത്തിയതിന്റെയെല്ലാം രേഖകൾ കാണിച്ചിട്ടും ഗോസംരക്ഷകർ ആക്രമിക്കുകയായിരുന്നു എന്നാണ് ഇദ്രീസ് പാഷയുടെ കുടുംബത്തിന്റെ ആരോപണം. ക്രൂരമായി മർദ്ദിച്ച ശേഷം ഇദ്രീസ് പാഷയെ വെറുതെവിടണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് സാത്തന്നൂർ പ്രദേശത്തെ ചന്തയിൽ നിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെയാണ് തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഇദ്രീസ് പാഷയെ തടഞ്ഞുനിർത്തി ആക്രമിച്ചത്. കന്നുകാലികടത്തെന്ന് ആരോപിച്ചായിരുന്നു ആക്രമിച്ചത്. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകൾ കാണിച്ചിട്ടും വെറുതെ വിട്ടില്ല. രണ്ട് ലക്ഷം രൂപ നൽകിയാൽ വിട്ടയക്കാമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ ഇദ്രീസ് പാഷയെ സാത്തന്നൂരിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇദ്രീസ് പാഷയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഇതോടെ പുനീത് കേരെഹള്ളി ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |