മുതലമട: ഗ്രാമപഞ്ചായത്തംഗം സി.രാധയെയും കുടുംബത്തേയും വീടുകയറി അക്രമിച്ചകേസിൽ രണ്ടുപേർ അറസ്റ്റിലായി. മുതലമട പള്ളം സ്വദേശികളായി പ്രവീൺ നിവാസിൽ ജെ.പ്രവീൺ (22), സി.അരുൺജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുതലമട പഞ്ചായത്തിലെ പട്ടികവർഗ്ഗ വനിതാ സംവരണ വാർഡായ അഞ്ചാം വാർഡ് പാപ്പാൻചള്ളയിൽ നിന്നുള്ള പഞ്ചായത്തംഗം മല്ലൻകൊളുമ്പ് മെച്ചിപ്പാറ മലയോരം സി.രാധ (27) ഭർത്താവ് സുധീഷ് (30) ഭർതൃമാതാവ് സുലോചന ( 51) ഭർതൃപിതാവ് കൃഷ്ണൻകുട്ടി (54) എന്നിവർക്കാണ് മർദ്ദനമേറ്റത്.
മാർച്ച് 12ന് കാമ്പ്രത്ത്ചള്ള പള്ളംപാതയിലെ നിലംപതി പാലത്തിനടുത്ത് വച്ച് നടന്ന ബൈക്കപകടത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണം. സുധീഷിന്റെ അമ്മാവന്റെ മകൻ സനൂഷും (20) നിർമ്മാണ തൊഴിലിനായി മല്ലൻകൊളുമ്പിൽ താമസിക്കുന്ന മലപ്പുറം സ്വദേശി ഷാനിയും (30) ബൈക്കിൽ വരവേ നിലംപതിമുക്കിൽ വെച്ച് മുതലമട പള്ളം സ്വദേശികൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട സനൂഷ് ബന്ധുവായ സുധീഷിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ സുധീഷ് പള്ളം സ്വദേശികളായ പ്രതികളുമായി തർക്കത്തിലേർപ്പെടുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർ മാർച്ച് 13ന് രാവിലെ മറ്റുചിലരെയും കൂടെകൂട്ടി പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തി ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായാണ് കേസ്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |