10നും 11നും പ്രതിഷേധപരിപാടികൾ
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും സോൺട കമ്പനിക്ക് കരാർ നൽകിയതും ഉപകരാർ സംബന്ധിച്ചും സി.ബി.ഐ അന്വേഷണം വേണമെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല.
ബ്രഹ്മപുരത്തെ കരാർ വിഷയത്തിലോ തീപിടിത്തമുണ്ടായ സംഭവത്തിലോ സി.പി.എമ്മോ ഇടതുമുന്നണിയോ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. പ്രശ്‌നത്തിൽ നടപടിയെടുക്കാനാകാത്തത് പൊതുജനത്തോടുള്ള വെല്ലുവിളിയാണ്. വികേന്ദ്രീകരണ മാലിന്യ നിർമ്മാർജനത്തിനായി ജനങ്ങളെ ബോധവത്കരിക്കുകയോ ജനപ്രതിനിധികളുടെ യോഗം വിളിക്കുകയോ ചെയ്തില്ല.
കോർപ്പറേഷൻ ഭരണസമിതി അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. സി.പി.എമ്മിന്റെയും ഭരണസമിതിയുടെയും ലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്. ബ്രഹ്മപുരത്ത് തീപിടിച്ച കാലത്തുണ്ടായ മരണങ്ങളിൽ അഞ്ചെണ്ണം ശ്വാസകോശ പ്രശ്‌നങ്ങളെ തുടർന്നാണ്. ഇതു സംബന്ധിച്ച് പരിശോധനകൾ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.
വൈദ്യസഹായമോ സാമ്പത്തിക സഹായമോ സർക്കാർ ലഭ്യമാക്കിയിട്ടില്ല. വിഷപ്പുകയേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറായില്ല. സർക്കാറിന്റെയും കൊച്ചി കോർപ്പറേഷന്റെയും പുത്തൻകുരിശ് പഞ്ചായത്തിന്റെയും അനാസ്ഥയ്‌ക്കെതിരെ നാളെയും ചൊവ്വാഴ്ചയും പ്രാണവായുവിനായി അവകാശ സമരം' എന്നപേരിൽ പ്രതിഷേധ പരിപാടി നടത്തും. ഏപ്രിൽ 10ന് കുന്നത്തുനാട് നിയോജ മണ്ഡലത്തിൽ വാഹന പ്രചാരണ ജാഥയും ഏപ്രിൽ 11ന് കാക്കനാട് കളക്ട്രേറ്റിന് മുമ്പിൽ സത്യഗ്രഹ സമരവും നടത്തും.
പുതിയ കരാറുകാർ എത്തുന്നത് വരെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകില്ലെന്ന് ഉറപ്പ് നൽകാൻ ആർക്കെങ്കിലും സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |