പള്ളുരുത്തി: മധുരക്കമ്പനി ഭാഗത്തെ ഒഴിഞ്ഞയിടത്ത് നിറുത്തിയിട്ടിരുന്ന കാറിൽനിന്ന് 50 ലക്ഷംരൂപ വിലമതിക്കുന്ന 177 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. കാറിന്റെ ജി.പി.എസ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. പള്ളുരുത്തിയിൽ കാർ ആരാണ് കൊണ്ടുവന്നിട്ട തെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കാർ കമ്പനിയിൽനിന്ന് വാടകയ്ക്കെടുത്ത തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അക്ഷയ്‌രാജ് കഴിഞ്ഞദിവസം അമ്പലമേടുനിന്ന് 15കിലോ കഞ്ചാവ് പിടികൂടിയ കേസിൽ റിമാൻഡിലാണ്. ഈ കേസിൽ യുവതികളടക്കം ഏഴുപേരെ കൊച്ചി സിറ്റി ഡാൻസാഫും അമ്പലമേട് പൊലീസുംചേർന്ന് കുഴിക്കാട് ഭാഗത്തെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തിയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഒഡീഷയിലെ ബാലൻഗീർ ജില്ലയിലെ കഞ്ചാവ് മാഫിയയിൽ നിന്ന് ഇടനിലക്കാരൻവഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പലചരക്ക്,പച്ചക്കറി എന്നിവയുമായി വരുന്ന ലോറികളിൽ കൊണ്ടുവന്ന് ഹൈവേയിലെ ആളൊഴിഞ്ഞയിടങ്ങളിൽവെച്ച് കാറുകളിലെത്തി വാങ്ങി കൊച്ചിയിലെ വിവിധയിടങ്ങളിൽ എത്തിക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പള്ളുരുത്തി മധുരക്കമ്പനിക്ക് സമീപം റോഡരികിൽ വ്യാഴാഴ്ച രാത്രി മുതൽ കിടക്കുകയായിരുന്ന കാറിൽനിന്നാണ് വെള്ളിയാഴ്ച കഞ്ചാവ് കണ്ടെടുത്തത്. കാർ വാടകയ്ക്ക് കൊടുത്ത കമ്പനി അധികൃതരേയും ചോദ്യംചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |