കണ്ണൂർ :കാസർകോട്,കണ്ണൂർ ജില്ലകളിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാത്തതും യാത്രക്ക് വെല്ലുവിളിയാകുന്നു. പാലക്കാട് ഡിവിഷനിൽ 274 ആർ.പി.എഫ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഈ വിഭാഗത്തിൽ മാത്രം 89 പേരുടെ ഒഴിവുണ്ട്. എല്ലാ ട്രെയിനുകളിലും രണ്ട് വീതം സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചയിക്കാൻ സാധിക്കുന്നില്ലെന്നതാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
കണ്ണൂരിൽ വഴി ഷൊർണൂർ ഭാഗത്തേക്ക് 24 മുതൽ 29 വീതവും മംഗലാപുരം ഭാഗത്തേക്ക് 17 മുതൽ 23 വീതവും ട്രെയിനുകളാണ് നിത്യേന സർവ്വീസ് നടത്തുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, റെയിൽവേ പൊലീസും ചേർന്നാണ് ഇവയ്ക്ക് സംരക്ഷണം ഒരുക്കുന്നത്. രാത്രിയിൽ രണ്ട് വീതം ഉദ്യോഗസ്ഥരുടെ എസ്‌കോർട്ടാണ് ട്രെയിനുകൾക്ക് കൊടുക്കുന്നത്.
ടിക്കറ്റില്ലാ യാത്ര,ലഹരി ഉപയോഗം
ജനറൽ കമ്പാർട്ടുമെന്റിൽ ടിക്കറ്റില്ലാത്ത യാത്രകളും സാമൂഹ്യ വിരുദ്ധരുടെ ലഹരി ഉപയോഗവും നിയന്ത്രിക്കാൻ നിലവിൽ സംവിധാനമൊന്നുമില്ല. ജീവനക്കാരുടെ അഭാവം കൊണ്ടുണ്ടാകുന്ന ന്യൂനതയാണിത്. റിസർവേഷൻ കമ്പാർട്ട്‌മെന്റുകളിൽ പോലും ടിക്കറ്റ് ഇല്ലാത്ത യാത്രകൾ പിടികൂടുന്നതിനോ നിയമ നടപടി സ്വീകരിക്കുന്നതിനോ പലപ്പോഴും സാധിക്കാതെ വരുന്നു. രണ്ട് കോച്ചുകളിൽ പരിശോധന നടത്തേണ്ട ഒരു ടി.ടി.ആറിന് മിക്കപ്പോഴും അഞ്ചും ആറും കോച്ചുകളിൽ ജോലി ചെയ്യേണ്ടി വരാറുള്ളതായി റെയിൽവേ ജീവനക്കാർ പറയുന്നു.
എന്നാൽ കണ്ണൂരിൽ ജീവനക്കാരുടെ ഒഴിവില്ലെന്നാണ് ആർ.പി.എഫ് വ്യക്തമാക്കുന്നത്.
തീവെപ്പ് ദിവസം ഒറ്റ ടി.ടി.ഇ
കഴിഞ്ഞ ദിവസം തീവയ്പ് നടന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ റിസർവേഷൻ കോച്ചുകൾക്കെല്ലാം കൂടി ആകെ ഒരു ടി.ടി.ഇ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ട്രെയിനിൽ തീവെപ്പ് ഉണ്ടായിരുന്ന സമയത്ത് ഡിവൺ കോച്ചിലോ സമീപ കോച്ചുകളിലോ സുരക്ഷാ ഉദ്യോഗസ്ഥരെയോ ടി.ടി.ഇയേയോ കണ്ടതായി യാത്രക്കാർക്ക് അറിവില്ല. റിസർവേഷൻ കോച്ചുകളിലുൾപ്പെടെ സി.സി.ടി.വി ക്യാമറകൾ സജ്ജമാക്കാതെയാണ് ഒട്ടുമിക്ക ട്രെയിനുകളുടെയും യാത്ര. സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നത് മുതൽ കോച്ചുകളിൽ വരെ യാത്രക്കാരെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ല.
3.13 ലക്ഷം ഒഴിവ്
റെയിൽവേയിൽ ആകെയുള്ള 14.93 ലക്ഷം തസ്തികകളിൽ 3.13 ലക്ഷം ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ നവംബർ ഒന്നു വരെ 17 സോണുകളിലും മറ്റ് യൂണിറ്റുകളിലുമായി 3,12,944 തസ്തികകളുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വടക്കൻ റെയിൽവേയിൽ ഗ്രൂപ്പ്സി തസ്തികയിൽ 38,754 ഒഴിവുകൾ നികത്താനുണ്ട്. പശ്ചിമ റെയിൽവേയിൽ 30,476, ഈസ്റ്റേൺ റെയിൽവേയിൽ 30,141, സെൻട്രൽ റെയിൽവേയിൽ 28,653 എന്നിങ്ങനെയാണ് കൂടുതൽ ഉള്ള ഒഴിവുകൾ.
ട്രെയിനുകളിൽ രാത്രി യാത്ര ആരംഭിക്കുന്നിടത്തു നിന്ന് തന്നെ എസ്‌കോർട്ടും ആരംഭിക്കുന്നുണ്ട്. ലേഡീസ് കമ്പാർട്ട്‌മെന്റിൽ സ്ത്രീ സുരക്ഷ പരിഗണിച്ച് യാത്രയുടെ ആദ്യാവസാനം ആർ.പി.എഫിന്റെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഏർപ്പാടാക്കുന്ന 'മേരി സഹേലി' പദ്ധതിക്കും ജീവനക്കാരെ ഉറപ്പുവരുത്താൻ സാധിക്കാറുണ്ട്. റെയിൽവേയുടെ ആവശ്യാർത്ഥം കണ്ണൂർ റെയിൽവേ സ്റ്റേഷനു കീഴിൽ കൃത്യമായ സേവനം നൽകാൻ സാധിക്കുന്നുണ്ട്.
ബിനോയ് ആന്റണി ആർ.പി.എഫ് സി.ഐ കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |