മട്ടന്നൂർ:സമര പോരാളികളെ വിസ്മൃതിയിലേക്ക് തള്ളുകയും വൈദേശികാധിപത്യവുമായി സമരസപ്പെട്ടവരെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന രീതി വ്യാപകമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി ചരിത്രം തിരുത്തി പ്രധാനികളുടെ പേരുകൾ ഒഴിവാക്കി സമരസപ്പെട്ടവരുടെ പേരുകൾ തിരുകി കയറ്റാനുള്ള ശ്രമം വ്യാപകമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി മൃദംഗ ശൈലേശ്വരി തീർത്ഥാടന ടൂറിസം പദ്ധതിയനുസരിച്ച് നിർമ്മിച്ച മ്യൂസിയം കെട്ടിടത്തിന്റേയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വൈദേശികാധിപത്യത്തിനെതിരെ അഭിമാനകരമായ പോരാട്ടം നടന്ന മണ്ണാണ് നമ്മുടെത്. അതിൽ ദേശീയ ശ്രദ്ധയാകർഷിച്ച പോരാട്ടമായിരുന്നു പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ നടന്നത്. അതിൽ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.ശിവദാസൻ എം.പി വിശിഷ്ട സാന്നിദ്ധ്യമായി. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, കമ്മിഷണർ പി.നന്ദകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, കെ. ഇ.എൽ പ്രതിനിധി സ്‌നേഹലത, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ടി.സി.മനോജ്, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ ചെയർമാൻ ടി.കെ.സുധി, അസി. കമ്മീഷണർ എ.കെ.ബൈജു, ക്ഷേത്രം എക്‌സിക്യുട്ടീവ് എം.മനോഹരൻ, ട്രസ്റ്റ് ബോർഡ് ചെയർമാർ എം.കെ. മനോഹരൻ, അസിസ്റ്റ് ടൂറിസം ഓഫീസർ കെ. സി ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.പഴശ്ശി രാജാവിന്റെ കുടുംബക്ഷേത്രമായി കരുതുന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രേത്തിൽ ആദ്യഘട്ടം 3.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |