മല്ലപ്പള്ളി : മാപ്പിളപ്പാട്ടിന്റെ താളമുണ്ടെന്ന പേരിൽ ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിനിടെ ഗായകനെ വിലക്കുന്ന നാട്ടിൽ, പടയണിയേയും കോലങ്ങളെയും ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിച്ച് നെഞ്ചേറ്റുകയാണ് രായിച്ചൻ എന്ന പടയണി കലാകാരൻ. എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പടയണിക്കളത്തിൽ വിശ്വാസത്തിനും ആചാരത്തിനും മാനവികതയുടെ താളം പകർന്ന് ഞാറയ്ക്കാട്ട് വീട്ടിൽ പരേതനായ ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ രാജു എൻ.സി (59) നിറഞ്ഞുനിൽക്കുന്നു. ഭാര്യക്ക് വേണ്ടി പനമറ്റത്തു കാവിൽ വഴിപാടായി നേർന്ന കാലൻകോലം ആണ് രാജുവിനെ പടയണി കളത്തിലേക്ക് അടുപ്പിച്ചത്. 1985ൽ അയൽവാസി പരേതനായ മന്മഥൻ നായർ ആശാന്റെ ശിക്ഷണത്തിൽ ആദ്യമായി മറുതാക്കോലം ശിരസിലേന്തി. പിന്നീടുള്ള 28 വർഷത്തിനിടയിൽ നിരവധി ക്ഷേത്രങ്ങളിൽ കോലം എഴുതി, കളങ്ങളിൽ നിറഞ്ഞാടി. ഇതിനിടെ 85 ഓളം ശിഷ്യരുമായി പടയണി കളങ്ങളിലെ സാന്നിദ്ധ്യമായി. 101 പാളയിൽ തീർത്ത ഭൈരവി കോലം ഉൾപ്പെടെ തുള്ളിയുറയുമ്പോൾ പടയണി കളത്തിലെ നിറസാന്നിദ്ധ്യമായി രായിച്ചൻ മാറിക്കഴിഞ്ഞു.
ക്ഷേത്ര സന്നിധിയിൽ നിസ്കരിച്ച് കളമൊഴിയുന്ന "തങ്ങളും പടയും " അടക്കമുള്ള പടയണി വിനോദങ്ങളാൽ പണ്ടേ പ്രസിദ്ധമാണ് എഴുമറ്റൂർ പടയണിയുടെ മതസൗഹാർദം. ആദ്യകാലങ്ങളിൽ ശീതക്കുളം മുസ്ലിം പള്ളിയിൽ നിന്നാണ് എതിരേൽപ്പ് ആരംഭിച്ചിരുന്നത്. കാലങ്ങൾ കഴിഞ്ഞതോടെ വഴിപാട് കോലങ്ങളുടെ വർദ്ധനവും വലിയ പടയണി ദിവസത്തെ സമയക്കുറവും എതിരേൽപ്പ് വായനശാല ജംഗ്ഷനിൽ നിന്ന് പുന:ക്രമീകരിക്കാൻ കാരണമായി. മതസൗഹാർദ്ദ പെരുമയ്ക്ക് എഴിമ ഉറ്റ ഊരായ എഴുമറ്റൂർ പടയണിയുടെ പെരുമ ഏഴുകരകളിലും പ്രശസ്തമാണ്. കുരിശ് വരയ്ക്കുന്ന കൈകളാൽ ഇനിയും കോലമെഴുതും.., മാമോദീസാ വെള്ളം വീണ ശിരസിൽ ഇനിയും കോലമേന്തും.., എഴുമറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ ഇടവക അംഗം കൂടിയായ രായിച്ചായന്റെ ഉറപ്പുള്ള വാക്കുകൾ. ഭാര്യ ലിസിയും മക്കളായ ആഷിത്തും ബിനുവും പിന്തുണയായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |