ന്യൂഡൽഹി: കൊലക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ ബിഎസ്‌പി നേതാവ് അഫ്സൽ അൻസാരി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാകും. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് അഫ്സൽ അൻസാരിയെ കോടതി നാല് വർഷം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് വിധിക്കപ്പെട്ടാൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്നാണ് പാർലമെന്റ് ചട്ടം. അതിനാൽ രാഹുൽ ഗാന്ധിയ്ക്ക് സമാനമായി അഫ്സൽ അൻസാരിയ്ക്കെതിരെയും പാർലമെന്റെ സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കും. നിലവിൽ ഗാസിപൂരിൽ നിന്നുള്ള എം പിയാണ് അഫ്സൽ അൻസാരി.
2011ൽ രജിസ്റ്റർ ചെയ്ത കേസിൽ തട്ടിക്കൊണ്ടു പോകൽ. കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് അഫ്സൽ അൻസാരിയെ കോടതി ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ മുഖ്താർ അൻസാരിയെ ഇതേ കേസിൽ പത്ത് വർഷം തടവിന് കോടതി ശിക്ഷിച്ചു. അതേസമയം മോദി സമുദായത്തിനെിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് സൂററ്റ് കോടതി രണ്ട് വർഷം തടവിന് വിധിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയ്ക്ക് എം പി സ്ഥാനം നഷ്ടമായത്.
സൂററ്റ് കോടതി വിധി സ്റ്റേ ചെയ്യാതെ വന്നതോടെ കോൺഗ്രസ് നേതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുലിന്റെ റിവ്യൂ പെറ്റീഷൻ ഇന്ന് പരിഗണിച്ച കോടതി പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ സ്ഥാനം മറന്നു കൂടാ എന്ന് നിരീക്ഷിച്ചിരുന്നു. ഹർജി മേയ് രണ്ടിലേയ്ക്ക് മാറ്റിയ കോടതി അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിയ്ക്ക് സമയം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |