ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്റംഗ്‌ദളിനെ ഹനുമാനോട് ഉപമിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു പോലെ ബജ്റംഗ്‌ദളിനെയും നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്‌ദാനത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
'നേരത്തേ കോൺഗ്രസ് ശ്രീരാമനെ ഒതുക്കി, ഇപ്പോഴിതാ ഹനുമാനെ അഥവാ 'ബജ്റംഗ് ബലി' എന്ന് വിളിക്കുന്നവരെ ഒതുക്കാനാണ് അവർ ലക്ഷ്യമിടുന്നത്. കോൺഗ്രസിന് രാമനോടും ഇപ്പോൾ ഹനുമാൻ ഭക്തരോടുമുള്ള എതിർപ്പ് ദൗർഭാഗ്യകരമാണ്. '- മോദിയുടെ ഈ പ്രസ്താവനയ്ക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
'കർണാടകയിലെ ബിജെപി സർക്കാരിന്റെ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്വത്ത് സമ്പാദനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ധ്രുവീകരണം നടത്താനാണ് അവരുടെ ശ്രമം. വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്ന വ്യക്തിയെയോ സംഘടനയെയോ നിയമാനുസൃതമായി ശിക്ഷിക്കേണ്ടതാണ്. എന്നാൽ, രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ പിന്തുടരാൻ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒരുക്കമല്ല. ധർമത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമാണ് ഹനുമാൻ. സേവനവും ത്യാഗവുമാണ് ഹനുമാൻ പ്രതിനിധീകരിക്കുന്നത്. അത്തരത്തിലുള്ള ഹനുമാനെ ഒരു വ്യക്തിയോടോ സംഘടനയോടോ ഉപമിക്കുന്നത് ഹനുമാൻ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. '- കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിലൂടെ ആരോപിച്ചു.
വർഗീയപ്രീണനത്തിലും സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിലും മത്സരിച്ചുകൊണ്ട് കോൺഗ്രസും ബി.ജെ.പി.യും കഴിഞ്ഞ ദിവസം പ്രകടനപത്രികകൾ പുറത്തിറക്കിയിരുന്നു.
കോൺഗ്രസിന്റെ പ്രധാന വാഗ്‌ദാനങ്ങൾ
ബജ്റംഗ് ദളിനെ നിരോധിക്കും
എല്ലാവർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി
ബിപിഎൽ കുടുംബങ്ങൾക്ക് മാസം10 കിലോ ഭക്ഷ്യധാന്യം
ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര
സംവരണപരിധി 70%ആക്കി ഉയർത്തും
മുസ്ലിം സംവരണം പുനഃസ്ഥാപിക്കും.
തൊഴിൽ രഹിതരാബിരുദധാരിക്ക് 3000രൂപ സഹായം
മത്സ്യത്തൊഴിലാളികൾക്ക് 500 ലിറ്റർ നികുതി രഹിത ഡീസൽ
രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് 5,000 രൂപ അലവൻസ്
എല്ലാവിഭാഗങ്ങളുടേയും സംവരണം വർദ്ധിപ്പിക്കും
5000കോടിയുടെ കാർഷിക നഷ്ടപരിഹാര ഫണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |