SignIn
Kerala Kaumudi Online
Wednesday, 09 July 2025 6.46 PM IST

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു, കേരളത്തിൽ രോഗിയുടെ അക്രമത്തിൽ ഒരു ഡോക്‌ടർ മരിക്കുമെന്ന് പറഞ്ഞത് സംഭവിച്ചു

Increase Font Size Decrease Font Size Print Page

muralee-thummarukudy

രോഗിയുടെയോ ബന്ധുക്കളുടെയോ അക്രമത്തിനിരയായി കേരത്തിലെ ഒരു ഡോക്‌ടർ മരിക്കുമെന്ന് ഏപ്രിൽ ഒന്നിന് മുരളി തുമ്മാരുകുടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു മരണം നടക്കുമെന്ന് നിശ്ചയമാണെന്ന് അദ്ദേഹം പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. കേരളത്തിൽ ഒരു ബോട്ടപകടം നടക്കുമെന്നും അതിൽ പത്തിലേറെപ്പേർ മരിക്കുമെന്നും അദ്ദേഹം കുറിപ്പെഴുതി ദിവസങ്ങൾക്കുശേഷമാണ് താനൂർ ബോട്ടപകടം ഉണ്ടാകുന്നതും 22 പേർ മരണപ്പെടുന്നതും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്?

പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എന്റെ രീതി.

അപ്പോൾ ഒരു പ്രവചനം നടത്താം.

കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്?

ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.

ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു.

സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന് പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട.

ഒരുദാഹരണം പറയാം. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.

അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.

ഇപ്പോൾ, "ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്" എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.

അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.

ഒന്നിൽ കൂടുതൽ ആളുകളുടെ ജീവൻ പോകാൻ പോകുന്ന ഒരപകട സാധ്യതയെപ്പറ്റി ഇന്ന് പറയാം.

അത് നമ്മുടെ ഹൌസ് ബോട്ട് ടൂറിസം രംഗത്തെ പറ്റിയാണ്.

ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൌസ് ബോട്ട്.

കോഴിക്കോട് മുതൽ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൌസ് ബോട്ടുകൾ ഉണ്ട്.

കേരളത്തിൽ എത്ര ഹൗസ്‌ബോട്ടുകൾ ഉണ്ട്?

ആ...??

ആർക്കും ഒരു കണക്കുമില്ല.

ഒരു ടാക്സി വിളിക്കാൻ പോലും ഉബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങളെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ്ങ് സംവിധാനം ഇല്ലാത്തത് ?

പണ്ടൊക്കെ മദ്രാസിൽ ട്രെയിൻ ഇറങ്ങുന്പോൾ ലോഡ്ജുകളുടെ ഏജന്റുമാർ പ്ലാറ്റ്‌ഫോം മുതലേ ഉണ്ടാകും.

ഇപ്പോൾ മൊബൈൽ ആപ്പുകൾ വന്നപ്പോൾ അവരെയൊന്നും എങ്ങും കാണാനില്ല.

എന്നാൽ ആലപ്പുഴയിൽ ഹൗസ്ബോട്ട് ജെട്ടിയിലേക്ക് ഉള്ള വഴിയിലാകെ ഇത്തരം ഏജന്റുമാരാണ്.

ബോട്ടുകളുടെ ലഭ്യതയെപ്പറ്റി, റേറ്റിനെ പറ്റി, റേറ്റിങ്ങിനെ പറ്റി ഒക്കെ റിയൽ ടൈം ഇൻഫോർമേഷൻ നൽകാനുള്ള ഒരു ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഒരു സ്റുഡന്റ്റ് പ്രോജക്ട് ആയി പോലും ഉണ്ടാകാത്തത്?

എൻറെ വിഷയം അതല്ല.

പലപ്രാവശ്യം ഹൗസ്‌ബോട്ടിൽ പോയിട്ടുണ്ട്, മനോഹരമാണ്.

പക്ഷെ ഒരിക്കൽ പോലും ഹൗസ്‌ബോട്ടിൽ ചെല്ലുന്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിച്ചിട്ടില്ല.

ഈ ഹൗസ്ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ?

വിമാനത്തിലും ക്രൂസ് ഷിപ്പിലും കയറുന്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്ത് കൊണ്ടാണ് നമുക്ക് ഹൗസ്‌ബോട്ടിൽ ഇല്ലാത്തത്?

നൂറിലധികം ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും?

കേരളത്തിലെ കഥകളി രൂപങ്ങൾ ഉപയോഗിച്ച ഒരു എയർലൈൻ സേഫ്റ്റി വീഡിയോ കണ്ടിട്ടുണ്ട്.

അത്തരത്തിൽ ക്രിയേറ്റിവ് ആയ ഒരു ടൂറിസം ബോട്ട് സേഫ്റ്റി വീഡിയോ എല്ലാ ബോട്ടുകളിലും നിർബന്ധമാക്കേണ്ടേ?

ഹൌസ് ബോട്ടിലെ ഭക്ഷണമാണ് അതിൻറെ പ്രധാന ആകർഷണം. ബോട്ടിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.

ഹൌസ് ബോട്ടാകമാനം എളുപ്പത്തിൽ കത്തിത്തീരാവുന്ന വസ്തുക്കൾ ആണ്.

ഒരപകടം ഉണ്ടാകാൻ വളരെ ചെറിയ അശ്രദ്ധ മതി. അപകടങ്ങൾ ഉണ്ടാകുന്നുമുണ്ട്.

ടൂറിസം ബോട്ടുകളിലെ അപകടങ്ങളിൽ (ഹൌസ് ബോട്ട്, പാർട്ടി ബോട്ട്, ശിക്കാര എല്ലാം കൂട്ടിയാണ് പറയുന്നത്) ആളുകൾ മരിക്കുന്നുണ്ട്.

ഹൗസ്‌ബോട്ടിൽ അഗ്നിബാധകൾ ഉണ്ടാകുന്നുണ്ട്. ഇത്തരം ബോട്ടുകൾ കായലിന്റെ നടുക്ക് മുങ്ങാൻ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഒറ്റക്കൊറ്റക്കായി ആളുകൾ മരിക്കുന്നുമുണ്ട്.

ഇത്തരം ചെറിയ ചെറിയ അപകടങ്ങളും അപകട സാഹചര്യങ്ങളും ശ്രദ്ധിച്ചാണ് വലുതെന്തോ വരാനുണ്ടെന്ന് ഞങ്ങൾ പ്രവചിക്കുന്നത്.

പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല.

എന്നാൽ അതുണ്ടാകും.

ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.

പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും.

ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും.

മാധ്യമങ്ങളിൽ "ഡ്രൈവർ മദ്യപിച്ചിരുന്നത്രേ" വരും.

ഹൌസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും.

ബോട്ട് സുരക്ഷയെപ്പറ്റി "ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല" എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും.

കളക്ടറോ മന്ത്രിയോ ഹൌസ് ബോട്ടുകൾ ഉടൻ “നിരോധിക്കും."

കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും.

അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൌസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും.

അതൊക്കെ വേണോ?

ഇപ്പോൾ ടൂറിസം ബോട്ട് ഉടമകളും സർക്കാർ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേ?

മുരളി തുമ്മാരുകുടി

(കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തിന് രണ്ടുലക്ഷത്തിന് മുകളിൽ റീച്ച് കിട്ടിയപ്പോൾ ജലസുരക്ഷയെപ്പറ്റിയുള്ള പോസ്റ്റിന് ഇരുപതിനായിരം എത്തിയില്ല. ഒരപകടം കഴിഞ്ഞായിരുന്നെങ്കിൽ പോസ്റ്റ് പറന്നേനേ. അതുപോലെ തന്നെ ഈ പോസ്റ്റിന് എന്തെങ്കിലും റീച്ച് കിട്ടുമോ എന്നറിയില്ല, എന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞേക്കാം. പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാൽ ടി.വി. ചർച്ചക്ക് വിളിക്കരുത്, പ്ലീസ്...)

TAGS: MURALEE THUMMARUKUDY, DOCTOR ATTACK DEATH, FACEBOOK, POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.