SignIn
Kerala Kaumudi Online
Thursday, 19 September 2024 6.30 AM IST

കല്യാണം കഴിഞ്ഞവരോട് കുട്ടികളായില്ലേ എന്നല്ല ചോദിക്കേണ്ടത്, പകരം ചോദ്യം ഇതാകണം

Increase Font Size Decrease Font Size Print Page
marriage

നാളെയുടെ പൗരന്മാരെന്ന് സമൂഹം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നവരാണ് കുട്ടികൾ. എന്നാൽ വിഹ്വലതയുടെ ലോകത്ത് ഒറ്റപ്പെട്ടു പോകുന്ന കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് ? മക്കളില്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരവും സ്വന്തം വാർദ്ധക്യത്തിന് സംരക്ഷണവും ഉറപ്പാക്കുന്നവർ അരക്ഷിതമായ ഒരു ജന്മത്തിന്റെ ഉത്തരവാദികളാകരുത് .

കുട്ടികളെ വേണോ എന്ന് നന്നായി ചിന്തിച്ചശേഷം അതിന് തയാറെടുക്കുക. കുട്ടികളെ വളർത്തൽ അത്ര എളുപ്പമുള്ള ഏർപ്പാടല്ലാത്ത കാലത്താണ് നമ്മുടെ ജീവിതം. മാതാപിതാക്കൾക്ക് ചെന്നെത്താൻ പറ്റാത്ത തരത്തിലുള്ള സ്വകാര്യലോകം തീർക്കാൻ ഇന്നത്തെ കുട്ടികൾക്ക് സാധിക്കും. നവസാങ്കേതിക വിദ്യകളുടെ തൊട്ടിലിലേക്കാണ് കുട്ടികൾ പിറന്നുവീഴുന്നത്. അതിന്റെ മായാദൃശ്യങ്ങളിൽ തിമിർക്കുന്ന കുട്ടികൾക്ക് നല്ല മാർഗദർശികളാകാൻ കഴിയാത്ത മാതാപിതാക്കൾ പെരുമാറ്റ വൈകല്യങ്ങളും വൈകാരിക പ്രശ്നങ്ങളുമുള്ള തലമുറയുടെ ഉടമസ്ഥരായി മാറുന്നു.

കുട്ടികളുടെ കൊച്ചുതലച്ചോറിലേക്ക് മുതിർന്നവരുടേതായ ചിന്തകൾ കടന്നുവരുന്ന കാലമാണിത്. അതിൽ കള്ളവും ചതിയുമുണ്ട്. ലൈംഗികതയുണ്ട്. അക്രമ വാസനകളുമുണ്ട്. ഈ പുതിയ ലോകത്തിൽ മികച്ച തലമുറയെ വാർത്തെടുക്കാൻ അല്പം ബുദ്ധിമുട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെ നാടോടുമ്പോൾ നടുവേ ഓടുകയെന്ന മട്ടിൽ ഞങ്ങൾക്കും വേണം കുട്ടിയെന്ന നിലപാട് നിരുത്തരവാദിത്തമാണ്. ഏറ്റെടുക്കേണ്ട ദൗത്യത്തിന്റെ സങ്കീർണതകളറിഞ്ഞു വേണം മാതാപിതാക്കളാകാൻ.

ഡിഫെൻസിവ് അദ്ധ്യാപന കാലം!
ഒരു കുട്ടി പ്രശ്നത്തിൽ പെടുമ്പോൾ സംരക്ഷിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും സന്നദ്ധ പ്രവർത്തനവുമൊക്കെയുണ്ട്. എന്നാൽ കുട്ടികൾക്കായുള്ള സ്വാഭാവിക സുരക്ഷാമേഖലകൾക്ക് നവസമൂഹത്തിൽ ശോഷണം സംഭവിക്കുന്നുണ്ട്. വിദ്യാലയങ്ങളുടെ സ്ഥിതി എന്താണ്? സ്വഭാവവൈകല്യങ്ങൾ തിരുത്താനായി എന്തെങ്കിലും കടുപ്പിച്ച് പറഞ്ഞാൽ കുട്ടികൾ ആത്മഹത്യ, ഒളിച്ചോട്ടം തുടങ്ങിയ അതിക്രമങ്ങൾ കാട്ടുമോ എന്ന ഭീതിയുള്ള അദ്ധ്യാപകർ അനവധിയാണ്. നേർവഴി കാട്ടാനുള്ള ആത്മാർത്ഥ ശ്രമങ്ങളെ തൻ കുഞ്ഞ് പൊൻകുഞ്ഞ് സിൻഡ്രോമുള്ള മാതാപിതാക്കൾ ദുർവ്യാഖ്യാനം ചെയ്ത് പുകിലുണ്ടാക്കുമോ എന്ന പേടി മറ്റൊരു വശത്ത്. എന്റെ സന്താനം ക്ലീൻ എന്ന പ്രതിരോധതന്ത്രം പയറ്റുന്നവരോട് എന്ത് പറയാൻ? ഇതുകൊണ്ടൊക്കെ ഒരുതരം ഡിഫെൻസിവ് അദ്ധ്യാപനത്തിലേക്കു ചുരുങ്ങിയ അദ്ധ്യാപകർ ധാരാളം. പാഠഭാഗങ്ങൾ ചൊല്ലി കൊടുക്കുന്നതിനപ്പുറം എന്തെങ്കിലും കൂടുതൽ ചെയ്ത് പുലിവാൽ പിടിക്കേണ്ടെന്ന തന്ത്രം പലരും പയറ്റുമ്പോൾ, സ്‌കൂളുകൾ നിർവഹിക്കേണ്ട സ്വഭാവ നവീകരണത്തിന്റെ വാതിലുകൾ അടയുന്നു.

ജീവിക്കാനുള്ള മിടുക്കുകൾ പള്ളിക്കൂടത്തിൽ മറ്റൊരു സിലബസായി കൂട്ടിച്ചേർത്താൽ മാത്രം മതിയോ? അതിൽ മാതാപിതാക്കളുമായി ചേർന്നുള്ള അനുഭവതലങ്ങൾ കൂടി വേണ്ടേ? പെരുമാറ്റ വൈകല്യം കണ്ടാൽ ഉടൻ മാതാപിതാക്കളെ അറിയിച്ചു, ഇനി നിങ്ങളുടെ പാടായിയെന്ന് ചൊല്ലി കൈകഴുകുന്ന അദ്ധ്യാപകരുടെ എണ്ണവും കൂടി. വേണ്ടത് തുറന്ന മനസോടെയുള്ള കൂട്ടായ്മയാണ്. പാകതയിലേക്ക് നയിക്കാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ്. ജീവിത നിപുണതകൾ അപ്പോഴാണ് ശക്തിപ്പെടുന്നത്. വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വം ലക്ഷ്യമാക്കുന്ന അദ്ധ്യാപകരില്ലെന്നല്ല ഇതിന്റെ അർത്ഥം. ഗ്രേഡും മാർക്കും മുഖ്യലക്ഷ്യമാക്കുന്ന കാലഘട്ടത്തിൽ അങ്ങനെയുള്ളവരുടെ എണ്ണം കുറയുന്നു എന്നത് വാസ്തവം. മിടുക്കുള്ളവർ അത് പുറത്തെടുക്കുന്നുമില്ല. അത്തരമൊരു സാഹചര്യത്തിൽ വളർത്തൽ ഒരു വെല്ലുവിളിയാണ്. കൂടുതൽ ഉത്തരവാദിത്തം മാതാപിതാക്കളിൽ വന്നുചേരുന്നു. അത് മനസിലാക്കി, ഏറ്റെടുക്കാൻ തയ്യാറുള്ളവർ മാത്രം കുട്ടികൾക്കായി ആഗ്രഹിച്ചാൽ പോരെ? എങ്ങനെയും അവർ വളർന്നോളുമെന്ന ചിന്ത മാറ്റണം.

അരക്ഷിതാവസ്ഥയുടെ കൂടുകളിൽ കുട്ടി വേണോ?

കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് കുടപിടിക്കേണ്ട ചില വീടുകളിലെ അവസ്ഥ എന്താണ്? കലിമൂക്കുമ്പോൾ കുട്ടികളെ തല്ലി ചതയ്‌ക്കുകയോ, വാക്കുകൾകൊണ്ട് നോവിക്കുകയോ ചെയ്യുന്ന മാതാപിതാക്കൾ വർദ്ധിക്കുന്നു എന്നാണ് സ്ഥിതിവിവര കണക്കുകൾ പറയുന്നത്. പലവീടുകളും വൈകാരിക വളർച്ചയ്‌ക്കുള്ള സുരക്ഷിത മേഖലകളല്ലെന്ന് വ്യക്തം. അച്ഛനും അമ്മയും തമ്മിലുള്ള വാക്കേറ്റവും കൈയേറ്റവും അരങ്ങേറുന്ന വീടുകളിലെ കുട്ടികളുടെ അവസ്ഥ എന്താകും? ഇമ്മാതിരി ദാമ്പത്യ അസ്വാരസ്യങ്ങൾക്കിടയിലും കുഞ്ഞിക്കാല് വേണമെന്ന നാട്ടാചാരത്തിൽ പിന്നോട്ടില്ല. എന്തിനാണ് ഇത്തരം വീടുകളിൽ ഒരു കുട്ടി?

മാതാപിതാക്കൾ ഒരൽപം പിന്നോട്ട് പോയാലും ആ ചുമതല ഏറ്റെടുക്കുന്ന ബദൽ രക്ഷകർത്തൃത്വ സംവിധാനങ്ങൾ പല പുത്തൻ അണുകുടുംബങ്ങളിലുമില്ല. ഗ്രേഡും മാർക്കും പഠ്യേതര പ്രവർത്തനങ്ങളിലെ മികവും മാത്രം ആഘോഷിക്കുന്നവർ കൂടിവരുന്നു. എന്നാൽ കുട്ടികളുടെ നന്മകളെ പോഷിപ്പിക്കുന്നവർ കുറഞ്ഞു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ ഓരോന്ന് ചെയ്യിച്ചും, അത് പ്രദർശിപ്പിച്ചുമൊക്കെ മേനികാട്ടാനുള്ള ഉപകരണമായി കുട്ടികളെ കണക്കാക്കുന്ന പ്രവണതയും നല്ലതല്ല. മുതിർന്നവരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു. മികച്ച സുരക്ഷയും മികച്ച വൈകാരിക അന്തരീക്ഷവും ഒരുക്കാൻ കഴിയാത്ത ഭാവനങ്ങളിലേക്ക് ഒരു കുട്ടിയെ എന്തിന് കൂട്ടിക്കൊണ്ട് വരണമെന്ന ചിന്ത പ്രസക്തമല്ലേ? ഒരു കുഞ്ഞിക്കാല് കണ്ടാൽ എല്ലാം ശരിയാകുമെന്ന ഫോർമുല പറയാതിരിക്കുക. സ്വന്തം ഭാഗം ശരിയാക്കിയിട്ട് മതി കുട്ടിയെന്ന നയമാണ് വേണ്ടത്.

പാരന്റിംഗ് പോസിറ്റീവാകണം

കല്യാണം കഴിഞ്ഞാൽ സമൂഹത്തിന്റെ ചോദ്യം കുട്ടികളായില്ലേ എന്നാണ്. കുട്ടികളെ വളർത്താൻ മാനസികമായി റെഡിയായോ എന്നാണ് ചോദിക്കേണ്ടത്. വിവാഹം കഴിക്കാനുള്ള വൈകാരിക പക്വതയായോ എന്ന് ചോദിക്കാത്ത സമൂഹം ഈ ചോദ്യം ചോദിക്കാൻ ഇടയില്ല. കുട്ടികളുടെ മാനസിക തലത്തിലേക്ക് ഇറങ്ങിവന്ന് അവരുമായി ആശയ വിനിമയം ചെയ്യാനും , അവർക്കായി നേരം കണ്ടെത്താനും പറ്റാത്തവർ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുന്നതല്ലേ ബുദ്ധി? എനിക്കൊരു കുഞ്ഞു പിറന്നാൽ ഈ ലോകക്രമത്തിൽ ആരോഗ്യകരമായി വളർത്താനാകുമോ എന്ന് സ്വയം ചോദിക്കാം. വ്യക്തിത്വ വളർച്ചയ്‌ക്ക് അനുകൂലമായ ജീവിതപരിസരം കുട്ടിക്കായി ഒരുക്കാൻ സാധിക്കുമോ എന്ന വിശകലനം വേണം. പണം ചെലവാക്കി പഠനാവസരങ്ങളും സുഖങ്ങളും ഒരുക്കലല്ല വളർത്തലിന്റെ പൊരുളെന്ന് തിരിച്ചറിയണം. ഇതിനൊന്നും തയ്യാറല്ലാത്തവർ കുട്ടി വേണ്ടെന്നുവയ്ക്കാം. അതാണ് കുട്ടികളോടുള്ള നീതിപുലർത്തൽ. അതാണ് ശരി. എല്ലാവർക്കും പിള്ളേർ, എനിക്കുമെന്ന ലാഘവ ബുദ്ധിയോടെ മാതാപിതാക്കളാകണോ, സമൂഹത്തിനും കുടുംബത്തിനും മികച്ച തലമുറയെ സമ്മാനിക്കണോ എന്ന് തീരുമാനിക്കുക. വംശം നിലനിറുത്തലിനപ്പുറം ഈ ലോകത്തെ നന്മ നിറഞ്ഞതാക്കുക എന്ന ദൗത്യം കൂടിയുണ്ട് മാതാപിതാക്കൾക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PARENTING, GOOD PARENTING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.