തിരുവനന്തപുരം: പത്തനംതിട്ട ളാക്കൂർ- കുമ്പഴ- കോന്നി റോഡിൽ ചെയ്യാത്ത പണി ചെയ്‌തതായി കാണിച്ച് കരാറുകാരന് 4.86 ലക്ഷം രൂപ അനുവദിച്ച പൊതുമരാമത്ത് വകുപ്പിലെ രണ്ട് എൻജിനിയർമാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവിഷനിൽ
അസി.എക്സിക്യുട്ടീവ് എൻജിനിയറായിരുന്ന ബി.ബിനു, അസി. എൻജിനിയർ അഞ്ജു സലീം എന്നിവർക്കെതിരെയാണ് നടപടി. കരാറുകാരൻ രാജുവിനെതിരെയും നടപടിയുണ്ടാകും. തുക ഇവരിൽ നിന്ന് ഈടാക്കും.
നവീകരിച്ച റോഡിൽ 150 മീറ്റർ ക്രാഷ് ബാരിയർ പണിതെന്നും സൈൻ ബോർഡുകൾ സ്ഥാപിച്ചെന്നും കാട്ടിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വിജിലൻസ് സെൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് ബിനുവിനെ നേരത്തെ തിരുവനന്തപുരം റോഡ് മെയിന്റനൻസ് ഡിവിഷനിലേക്കും പിന്നീട് ഡൽഹി കേരള ഹൗസിലേക്കും സ്ഥലംമാറ്റിയിരുന്നു. സി.പി.എം അനുകൂല സംഘടനയായ
ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമാണ് ബിനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |