മിൻസ്ക്: റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങൾ അയൽരാജ്യമായ ബെലറൂസിൽ വിന്യസിക്കാൻ തുടങ്ങി. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയാണ് ഇക്കാര്യമറിയിച്ചത്. ബെലറൂസിൽ ഏതാനും ആണവായുധങ്ങൾ വിന്യസിക്കുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.
ആണവായുധങ്ങൾ ബെലറൂസിലേക്ക് മാറ്റുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവർക്ക് കൈമാറില്ലെന്ന് പുട്ടിൻ വ്യക്തമാക്കിയിരുന്നു. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്ക്ക് പിന്തുണ നൽകുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലറൂസ്. റഷ്യക്ക് പുറമേ യുക്രെയിൻ, നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും ബെലറൂസ് അതിർത്തി പങ്കിടുന്നുണ്ട്. 1990കളുടെ മദ്ധ്യത്തിന് ശേഷം ഇതാദ്യമായാണ് റഷ്യ തങ്ങളുടെ ആണവായുധങ്ങൾ രാജ്യത്തിന് പുറത്തേക്ക് വിന്യസിക്കുന്നത്.
അതേ സമയം, നടപടി ബെലറൂസിലെ ജനങ്ങളുടെ ജീവന് മാത്രമല്ല, യുക്രെയിനും യൂറോപ്പിലുടനീളവും പുതിയ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് ബെലറൂസ് പ്രതിപക്ഷ നേതാവ് സ്വെറ്റ്ലാന റ്റിഖനോവ്സ്കായ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |