തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള വിളംബരമാണ് പാർലമെന്റ് ഉദ്ഘാടനത്തിലൂടെ കണ്ടതെന്ന് എളമരം കരീം എം.പി. മുതലാളിത്ത ചൂഷണത്തിനെതിരെ നിലകൊള്ളുന്നവരെ നിർദ്ദയം അടിച്ചമർത്തുകയാണ്. അതിനെതിരെ ചെറുത്ത് നിൽപ്പ് ഉയർത്തിക്കൊണ്ടു വരണം. കേരള എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണവും ആധുനിക സാങ്കേതികവിദ്യയും കൂടിചേർന്ന് വിവര വിനിമയ വിനോദ മേഖലയാകെ കുത്തകവത്കരിക്കുന്നു. ആഗോളവത്കരണം ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകൾ വൻതോതിൽ സ്വകാര്യവത്കരിക്കപ്പെടുന്നു. സമുദ്രത്തിനടിയിലെ ധാതുവിഭവങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ പോകുന്നു. ഇത് മത്സ്യസമ്പത്തിനെയും, പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും സാരമായി ബാധിക്കും.
സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ്, കെ.എസ്.ഇ.ബി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ, കെ.ഡബ്ല്യു.എ.ഇ.യു ജനറൽ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി എസ്. വിനോദ്, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാർ, കേരള ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ബൈജു, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |