മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തുന്നു. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ മാസം അവസാനം പൂർത്തിയാകും. ക്രിസ്മസിന് വാലിബൻ തിയേറ്ററിൽ എത്തും. വാലിബനിൽ ഇരട്ടവേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വാലിബനിൽ പ്രേക്ഷകരെ കാത്തിരിക്കുന്ന ഒട്ടേറെ സസ്പെൻസുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ ഇരട്ടവേഷത്തിൽ എത്തുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് വാലിബന്റെ ഏറ്റവും വലിയ പ്രത്യേകത. ഗുസ്തിക്കാരന്റെ വേഷമാണ് മോഹൻലാലിന്. തിയേറ്റർ റിലീസായി ഇനി എത്തുന്ന മോഹൻലാൽ സിനിമ വാലിബൻ ആയിരിക്കും. ബോളിവുഡ് താരം സോണാലി കുൽക്കർണി, ബംഗാളി താരം കദ നന്ദി എന്നിവരോടൊപ്പം ഹരീഷ് പേരടി, രാജീവ് പിള്ള , സുചിത്ര നായർ തുടങ്ങിയവർ വാലിബന്റെ ഭാഗമാകുന്നു. ആമേനു രചന നിർവഹിച്ച പി.എസ്. റഫീക്ക് ആണ് തിരക്കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വാലിബൻ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ റാമിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും. ടുണിഷ്യയിൽ 60 ദിവസത്തെ ചിത്രീകരണം റാമിന് അവശേഷിക്കുന്നുണ്ട്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന റാം ഓണം റിലീസായി ആണ് പ്ളാൻ ചെയ്തിരുന്നത്. എന്നാൽ റാം ഓണത്തിന് റിലീസ് ചെയ്യില്ല. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ റിലീസ് ചെയ്യാത്ത ഓണക്കാലമായിരിക്കും ഇത്തവണയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |