കൊച്ചി: അപ്പീൽ നിലനിൽക്കെ വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് തൊണ്ടിമുതലുകൾ നശിപ്പിക്കുന്നെന്ന പരാതിയിൽ ഹൈക്കോടതി ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസിൽ പ്രതികളെ വെറുതേ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കേ തൊണ്ടി മുതലുകൾ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യ ലിസി നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
പ്രതികളെ വെറുതേ വിട്ട കൊല്ലം ജില്ലാ അഡി. സെഷൻസ് കോടതി തൊണ്ടിമുതലുകൾ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ പറഞ്ഞിരുന്നു. തൊണ്ടിസാധനങ്ങൾ അപ്പീൽ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം.
ഹർജിക്കാരി 25 ദിവസത്തിനകം അഡ്വ. വി. ജയപ്രദീപ് വഴി അപ്പീൽ നൽകിയെങ്കിലും തൊണ്ടിമുതൽ നശിപ്പിക്കുന്നെന്നാണ് ഉപഹർജിയിലെ ആരോപണം.
തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിർദ്ദേശം സ്റ്റേ ചെയ്തു. തുടർന്നാണ് തൊണ്ടിസാധനങ്ങൾ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കിൽ എന്നാണെന്നും വ്യക്തമാക്കി ജില്ലാ ജഡ്‌ജിയിൽ നിന്ന് റിപ്പോർട്ടു തേടാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്. 2009 ജൂലായ് 25നാണ് ജോസ് സഹായൻ കൊല്ലപ്പെട്ടത്. കേസിലെ പത്തു പ്രതികളെയും വിചാരണക്കോടതി വെറുതേ വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |