SignIn
Kerala Kaumudi Online
Thursday, 19 September 2024 12.52 AM IST

പുറത്താക്കിയത് ഗോകുലത്തെയല്ല കായിക കേരളത്തെ

Increase Font Size Decrease Font Size Print Page

photo

കായിക രംഗത്ത് കേരളം എക്കാലവും നിലനിറുത്തിപ്പോന്ന മേൽക്കൈ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കൈവിടുന്നതിനുള്ള കാരണം തേടിയുള്ള ചർച്ച ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലബാറിൽ നിന്ന് തുടങ്ങാം. കേരളത്തിൽ കായിക മേഖലയ്ക്ക് വേണ്ടത്ര സഹായമോ സഹകരണമോ കായികമേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാവുമ്പോൾതന്നെയാണ് കേരളത്തിലെ ഏക ഐ. ലീഗ് ടീമായ ഗോകുലം കേരള എഫ്.സി ഇക്കാലമത്രയും ഹോം ഗ്രൗണ്ടായി ഉപയോഗിച്ച ഇ.എം.എസ് സ്റ്റേഡിയം ഇനി അവർക്ക് നൽകില്ലെന്ന കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം വരുന്നത്.

അറ്റകുറ്റപ്പണി നടത്തിയില്ലെന്ന ന്യായം പറഞ്ഞ് കോർപ്പറേഷൻ എടുത്ത ഈ തീരുമാനം കായികലോകത്ത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. നിർമാണത്തിലെ അപാകതകൾ കാരണം ഏറെ പഴികേട്ട സ്റ്റേഡിയത്തിനെതിരെ ഉയർന്ന പരാതികളെല്ലാം ഗോകുലത്തിന്റെ തലയിലിട്ട് കൈകഴുകാനുള്ള ശ്രമാണ് നടക്കുന്നതെന്നാണ് ഫുട്ബോൾ ആരാധകരും ക്ലബും പറയുന്നത്.

ഐ.എസ്.എൽ. ഐ. ലീഗ് ടീമുകൾ പങ്കെടുത്ത സൂപ്പർ കപ്പിനുള്ള വേദിയായി കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തെ നിശ്ചയിച്ചത് മുതലാണ് സ്റ്റേഡിയത്തെക്കുറിച്ചുള്ള പരാതികൾ ശക്തമായത്. കളിക്കാനെത്തേണ്ട ഐ.എസ്.എൽ ക്ലബുകൾ സ്റ്റേഡിയത്തിന്റെ നിലവാരമില്ലായ്മ ചോദ്യം ചെയ്തതോടെ സൂപ്പർ കപ്പ് നടത്തിപ്പ് തന്നെ ആശങ്കയിലായി. തുടർന്ന് ക്വാളിഫൈയിംഗ് മത്സരങ്ങൾ കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കെ.എഫ്.എയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര പ്രവർത്തനങ്ങളാണ് പ്രതിസന്ധി പരിഹരിച്ചത്. ഇതിന്റെ തുടർച്ചയാണ് ഗോകുലത്തെ പുറത്താക്കാനുള്ള കോർപ്പറേഷന്റെ തീരുമാനം. ഇത് കേരളത്തിലെ ഫുട്ബോളിനും വളർന്നുവരുന്ന താരങ്ങൾക്കുമെല്ലാം വലിയ തിരിച്ചടയാണെന്ന് ഫുട്ബോൾ സ്നേഹികൾ ഒന്നടങ്കം പറയുന്നു.

ദേശീയ നിലവാരത്തിലുള്ള രണ്ട് പ്രൊഫഷണൽ ഫുട്ബോൾ ക്ലബുകൾ മാത്രമാണ് കേരളത്തിലുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി കേരളത്തിന്റെ പതാക വാഹകരാവുമ്പോൾ ഐ. ലീഗിൽ അത് ഗോകുലം കേരള എഫ്.സിയാണ്. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലബാറിനെ രാജ്യത്ത് അടയാളപ്പെടുന്ന മലബാറിയൻസ്. ഈ മലബാറിയൻസിനെയാണ് കോഴിക്കോട് കോർപ്പറേഷൻ ഗ്രൗണ്ടിന് പുറത്ത് മഴയത്ത് നിറുത്തുന്നത്.

2017ൽ മാത്രം രൂപീകരിച്ച ഗോകുലം കേരള എഫ്‌.സിയോളം നേട്ടം സ്വന്തമാക്കി മറ്റൊരു ഫുട്ബോൾ ക്ലബ് രാജ്യത്തില്ല. രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടിയ ഗോകുലം ഇത്തവണ മൂന്നാം സ്ഥാനവും നേടി. അഭിമാന കിരീടമായ ഡ്യൂറന്റ് കപ്പും ഗോകുലത്തിന്റെ അലമാരയിലുണ്ട്. വനിതകളിൽ വെല്ലുവിളികളില്ലാതെ കുതിയ്ക്കുന്ന ഗോകുലം കേരള എഫ്.സി ഇത്തവണയും ചാമ്പ്യന്മാരാണ്. മൂന്ന് വനിതാ കിരീടങ്ങളാണ് ഗോകുലത്തിന്റെ വനിതകൾ സ്വന്തമാക്കിയത്. ഏഷ്യയിലെ പുരുഷവനിത വിഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനിടയിൽ ഗോകുലത്തിലൂടെ കേരളത്തിൽ നിന്ന് നിരവധി താരങ്ങൾ ഐ. ലീഗിലും എ.എഫ്‌.സിയിലും ബൂട്ട് കെട്ടി. പലർക്കും ഐ.എസ്.എൽ ടീമുകളിൽ അവസരം ലഭിച്ചു. ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ഗോകുലം പടിക്ക് പുറത്താവുന്നത് കായികകേരളത്തിന് അത്ര സുഖകരമായ സൂചനയല്ല.

2016ൽ നാഗ്ജി ട്രോഫി നടത്തി കോഴിക്കോട് ജില്ല ഫുട്ബോൾ അസോസിയേഷൻ കടക്കെണിയിലായതോടെ മലബാറിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണതാണ്. അത് മറികടന്ന് ഐ. ലീഗും സൂപ്പർ കപ്പുമെല്ലാം കോഴിക്കോട്ടെത്തിയെങ്കിൽ അതിന് പിന്നിൽ ഗോകുലം കേരള എഫ്.സിയുടെ വിയർപ്പുണ്ട്. 2018 ൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തെ ഹോംഗ്രൗണ്ടായി പ്രഖ്യാപിക്കുകയും കോർപ്പറേഷൻ സ്റ്റേഡിയം വിട്ടുകൊടുക്കുകയും ചെയ്തതോടെയാണ് ഐ. ലീഗ് മത്സരങ്ങൾ കേരളത്തിലേക്കെത്തിയത്. ഇന്ത്യൻ ഫുട്ബോളിലെ അതികായകരായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്.... തുടങ്ങിയ ടീമുകളെല്ലാം ഗോകുലത്തിനെതിരെ പന്തുതട്ടാൻ കേരളത്തിലെത്തി. ഇവയെല്ലാം വിജയകരമായി നടത്തിയതാണ് ഐ.എസ്.എൽ ടീമുകളും ഐ. ലീഗ് ടീമുകളും മാറ്റുരച്ച സൂപ്പർ കപ്പ് കേരളത്തിലെത്താൻ വഴിയൊരുക്കിയത്. കോഴിക്കോടും മഞ്ചേരിയും വേദിയായ സൂപ്പർ കപ്പിൽ ചാമ്പ്യന്മാരായ ഒഡീഷ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി, ബെംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് എഫ്.സി, എഫ്.സി ഗോവ, ചെന്നൈയിൻ എഫ്.സി, ജംഷഡ്പൂർ എഫ്.സി, ഹൈദരാബാദ് എഫ്.സി തുടങ്ങിയ ടീമുകളെല്ലാം കളിക്കാനെത്തി. സുനിൽ ഛേത്രി ഉൾപ്പെടെയുള്ള സൂപ്പർ‌ താരങ്ങൾ ഇവിടെ പന്തുതട്ടി.

ഹോംഗ്രൗണ്ട് അനുവദിക്കില്ലെന്ന തീരുമാനത്തിൽ ഏറെ വൈകാരികമായായിരുന്നു ഗോകുലം എഫ്.സിയുടെ പ്രതികരണം. ദേശീയ തലത്തിൽ ആറ് കിരീടം നേടിയ ക്ലബ്ബിനോട് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് തങ്ങൾക്ക് മാത്രമല്ല, സംസ്ഥാനത്തെ കായിക വിനോദങ്ങളെ സ്‌നേഹിക്കുന്ന എല്ലാവർക്കും അപമാനമാണെന്ന് ക്ലബ് പ്രതികരിച്ചു.

"ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയതിന്റെ തൊട്ടടുത്ത ദിവസമാണ് കരാർ റദ്ദാക്കിയ വാർത്ത ഞങ്ങൾ അറിഞ്ഞത്. ഒരു ചാമ്പ്യൻ ക്ലബ്ബിനോട് നിങ്ങൾ ഇങ്ങനെയാണോ പെരുമാറുന്നത്? കേരളത്തിനായി കിരീടം നേടുന്ന ക്ലബ്ബുകളോട് നിങ്ങൾ ചെയ്യുന്നതാണോ ഇത്? എന്ത് സന്ദേശമാണ് കോർപ്പറേഷൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്? വനിതാ ലീഗിൽ ഏഴ് കേരള പെൺകുട്ടികൾക്ക് ഞങ്ങൾ അവസരം നൽകി, അവർ കേരളത്തിൽ തിരിച്ചെത്തിയപ്പോൾ അവർ ആദ്യം കേട്ടത് അവർക്ക് കളിക്കാൻ സ്റ്റേഡിയമില്ല എന്നതാണ്, സർക്കാരിന്റെ അഭിനന്ദന കുറിപ്പല്ല അവരെ സ്വീകരിച്ചത്. സർക്കാർ കായികരംഗത്തെ പിന്തുണയ്ക്കുന്ന രീതി അതിശയകരമാണ്.
മലബാറിൽ നിന്നുള്ള താരങ്ങൾ നിറഞ്ഞ ഒരു ടീം ഇത് സാധ്യമാക്കുന്നതിൽ കോഴിക്കോട് കോർപ്പറേഷന് അഭിമാനിക്കുന്നില്ലേ? നമ്മുടെ സ്‌പോർട്‌സ് മെറിറ്റ് ഒട്ടും കണക്കാക്കുന്നില്ലേ? ഇന്ത്യൻ ഫുട്‌ബോളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് കോർപ്പറേഷൻ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണോ?. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ക്ലബ് ഉടമ വി.സി. പ്രവീൺ പ്രതികരിച്ചു.

ഓരോ സീസണിലും കൂടുതൽ കൂടുതൽ കേരള താരങ്ങൾക്ക് അവസരം നൽകുന്നുണ്ട്. അഞ്ച് വർഷത്തിനിടയിൽ, കേരളത്തിൽ നിന്ന് കുറഞ്ഞത് 30 കളിക്കാരെങ്കിലും ഐ ലീഗിലും എ.എഫ്‌.സി മത്സരങ്ങളിലും ഗോകുലത്തിനായി കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

@ ഒഡീഷയെ മാതൃകയാക്കണം

കോഴിക്കോട്ട് നടന്ന സൂപ്പർ കപ്പിൽ ചാമ്പ്യന്മാരായ ഒഡീഷ എഫ്.സിയുടെ കിരീട നേട്ടം ഏറ്റവും സന്തോഷിപ്പിച്ചത് അവിടുത്തെ സർക്കാറിനെയാണ്. ഈ ടീമിന് കരുത്താണ് ഒഡീഷ സർക്കാർ. ഐ.എസ്.എൽ ടീമായ ഡെൽഹി ഡയനാമോസ് ആണ് 2019ൽ ഒഡീഷ എഫ്.സിയാവുന്നത്. ഒഡീഷ സർക്കാറിന്റസഹകരണത്തോടെയായിരുന്നു ഈ നീക്കം. ഫുട്ബോളിന്റ വളർച്ചയക്ക് ഒഡീഷ സർക്കാർ നൽകിയ പ്രോത്സാഹന ഏറെ മാതൃകാപരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CORPORATION DECIDES NOT TO RENEW CONTRACT OF GOKULAM KERALA HOME STADIUM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.