ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോയെന്ന് പരിശോധിക്കുന്നതിനായുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിദേശത്തുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം മൂന്ന് മണിയ്ക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സുപ്രീം കോടതി വേനലവധിയിലാണ്. മാത്രമല്ല ശനിയും ഞായറും വാദം ഉണ്ടാകാറില്ലെന്നിരിക്കെയാണ് പ്രത്യേക ബെഞ്ച് കൂടിയത്. ജസ്റ്റിസ് സുധാൻഷു ദുലിയ, പങ്കജ് മിത്തൽ എന്നിവരടങ്ങിയതായിരുന്നു പ്രത്യേക ബെഞ്ച്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജയിലിലായ അലഹബാദ് സർവകലാശാലയിലെ പ്രൊഫസർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ് യുവതിയ്ക്ക് ചൊവ്വാദോഷമുണ്ടെന്നും അതിനാലാണ് വിവാഹത്തിൽ നിന്ന് പിൻമാറിയതെന്നും വ്യക്തമാക്കിയത്. ഇത് സത്യമാണോയെന്ന് പരിശോധിക്കുന്നതിനായി മേയ് 23ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഈ ആഴ്‌ച തന്നെ സീൽ ചെയ്ത കവറിൽ യുവതിയുടെ ചൊവ്വാദോഷം സംബന്ധിച്ച റിപ്പോർട്ട് നൽകാനായിരുന്നു ഉത്തരവ്.
കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഇതുകണ്ടുവോയെന്ന് സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. കണ്ടുവെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ദയവായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു മേത്തയുടെ മറുപടി.
എന്നാൽ ഇരുകക്ഷികളുടെയും സമ്മതത്തോടെയാണ് ഹൈക്കോടതി ഉത്തരവ് പാസാക്കിയതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചൊവ്വാദോഷം പരിശോധിക്കുന്നത് കേസിന്റെ സന്ദർഭത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 'വിഷയവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടു'- സുപ്രീം കോടതി പറഞ്ഞു. ജൂലായിൽ വീണ്ടും കേസിന്റെ വാദം കേൾക്കും.
ലക്‌നൗ സർവകലാശാലയിലെ ജ്യോതിഷ ശാസ്ത്രവിഭാഗം മേധാവിയോടാണ് അലഹബാദ് ഹൈക്കോടതി ചൊവ്വാദോഷം പരിശോധിക്കാൻ നിർദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |