SignIn
Kerala Kaumudi Online
Friday, 26 April 2024 9.58 PM IST

കേരളം ഒരുപാട് പുരോഗമിച്ചെങ്കിലും മലപ്പുറത്ത് ഇപ്പോഴും പ്രസവം വീട്ടിനുള്ളിൽ തന്നെ, വീടുകളിൽ നടന്നത് 1,017 പ്രസവങ്ങൾ,കാരണം ഇതാണ്

malappuram

മലപ്പുറം: സർക്കാർ ആശുപത്രികളിലടക്കം പ്രസവ ചികിത്സയ്ക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ പന്താടി ജില്ലയിൽ വീട്ടിനുള്ളിലെ പ്രസവങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 87 പ്രസവങ്ങളാണ് വീട്ടിനകത്ത് നടന്നത്.

2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ 266 പേർ ഇത്തരത്തിൽ പ്രസവിച്ചു. ഇതിൽ പത്ത് പേർ മാത്രമാണ് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ. വീട്ടിനുള്ളിൽ പ്രസവിച്ചവരിൽ 202 പേരും ആശുപത്രികളിലെത്താൻ സ്വയം വിസമ്മതിച്ചവരാണ്. ഭർത്താവ്, മറ്റ് ബന്ധുക്കളിൽ നിന്നുള്ള സമ്മർദ്ദത്തിലാണ് 63 പേർ വീട്ടിനുള്ളിൽ പ്രസവിച്ചത്. മറ്റൊരാൾ നേരത്തെ ഇതേരീതിയിൽ പ്രസവിച്ചയാളാണ്. ഇക്കാലയളവിൽ 502 നവജാത ശിശുക്കളാണ് ജില്ലയിൽ മരിച്ചത്. ഇതിൽ നല്ലൊരുപങ്കും വീട്ടിനുള്ളിലെ പ്രസവത്തെ തുടർന്നുണ്ടായ അപകടങ്ങളിലാണ്. മറ്റ് ജില്ലകളിൽ വീട്ടിനുള്ളിൽ പ്രസവിക്കുന്നവരുടെ എണ്ണം പത്തിൽ താഴെ ആണെന്നിരിക്കെയാണ് ജില്ലയിലെ ഈ വർദ്ധനവ്.

ഒട്ടും ആശാവഹമല്ല
വീട്ടിനുള്ളിൽ പ്രസവിച്ചവരുടെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താൽ ഒട്ടും ആശാവഹമല്ല. 2019 മുതൽ ഇതുവരെ 1,017 പ്രസവങ്ങൾ വീട്ടിനുള്ളിൽ നടന്നിട്ടുണ്ട്. തലമുറകളായി ആശുപത്രികളിൽ പോവാതെ വീട്ടിൽ മാത്രം പ്രസവം നടത്തുന്നവരുണ്ട്. ഇത്തരത്തിൽ പ്രസവിച്ച മാതാവിനോ കുട്ടികൾക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നതാണ് മുൻ അനുഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവൻ അപകടത്തിലാക്കുന്ന ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

തൊട്ടടുത്തെ വീട്ടുകാരിൽ നിന്ന് പോലും വീട്ടിലെ പ്രസവം മറച്ചുവയ്ക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് ഇക്കാര്യം മുൻകൂട്ടി അറിയാനാവുന്നില്ല. വീട്ടിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. വയറ്റാട്ടിയുടെ സേവനമടക്കം ഇവർ ലഭ്യമാക്കും. അമിതരക്തസ്രാവം മൂലവും മറ്റും പ്രസവത്തിനിടെ സ്ഥിതി ഗുരുതരമായി ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണവും കുറവല്ല. പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനത്തെ തുടർന്നാണ് രക്ഷപ്പെടാറുള്ളത്.

മരണം സംഭവിക്കുന്ന കേസുകളുമുണ്ട്. നവജാത ശിശുക്കളുടെ വൈകല്യങ്ങൾ തിരിച്ചറിയുന്നതിനായി നടത്തുന്ന അഞ്ചോളം പരിശോധനകളും കുത്തിവയ്പ്പുകളും വീട്ടിനകത്ത് പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് പലപ്പോഴും ലഭിക്കാറില്ല. രഹസ്യവിവരം ലഭിക്കുമ്പോൾ ആരോഗ്യപ്രവർത്തകരെത്തി പരിശോധിക്കുമ്പോഴാണ് പല പ്രസവകേസുകളും പുറത്തറിയുന്നത്. പ്രസവശേഷം ഇക്കാര്യം ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നവരുമുണ്ട്.

വീട്ടിൽ പ്രസവിച്ചവരുടെ കണക്ക്

(ഏപ്രിൽ മുതൽ മാർച്ച് വരെ ; സാമ്പത്തിക വർഷം)
2019 -20 : 199
2020 - 21 : 257
2021 - 22 : 273
2022 - 23 : 266
2023 - 24 : 25


2022 - 23 സാമ്പത്തിക വർഷത്തിലെ മാസകണക്ക്
ഏപ്രിൽ - 30
മേയ് - 25
ജൂൺ - 13
ജൂലായ് - 22
ആഗസ്റ്റ് - 22
സെപ്തംബർ - 23
ഒക്ടോബർ - 31
നവംബർ - 21
ഡിസംബർ - 15
ജനുവരി - 20
ഫെബ്രുവരി - 21
മാർച്ച് - 18

മാറ്റണം ഈ സ്ഥിതി
വീട്ടിനുള്ളിൽ പ്രസവിച്ചവരുടെ മേയ് മാസത്തിലെ കണക്ക് ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഏപ്രിലിലെ 25 പേരിൽ 22 പേരും ആശുപത്രികളിൽ എത്താൻ താത്പര്യപ്പെട്ടിരുന്നില്ല. മൂന്ന് പേർ മറ്റുള്ളവരുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി. 25 പേരിൽ ഒരാൾ മാത്രമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാൾ. പലപ്പോഴും ഉൾവനങ്ങളിൽ നിന്ന് ആശുപത്രികളിൽ സമയബന്ധിതമായി എത്തിപ്പെടാൻ ആദിവാസികൾക്ക് കഴിയാറില്ല. പ്രസവം അടുത്ത സ്ത്രീകൾക്കായി ട്രൈബൽ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നേരത്തെ തന്നെ ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കി പ്രവേശിപ്പിക്കാറുണ്ടെങ്കിലും ചോലനായ്ക്കർ ഉൾപ്പെടെയുള്ള ചില ഗോത്രവിഭാഗങ്ങളിൽ ഇതിനോട് താത്പര്യം പ്രകടിപ്പിക്കാറില്ല. അതേസമയം വീട്ടിനുള്ളിൽ പ്രസവം നടത്തുന്നവരും ബന്ധുക്കളും പലപ്പോഴും ഉന്നതവിദ്യാഭ്യാസവും ജോലിയും നേടിയവരാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രകൃതി ചികിത്സകരുടെ വലയിൽപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

നാണക്കേടാണ് ഈ കണക്ക്
ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളിൽ പന്ത്രണ്ടിടത്തും ഏപ്രിലിൽ വീട്ടിനുള്ളിലെ പ്രസവം നടന്നിട്ടുണ്ട്. മേലാറ്റൂർ, കൊണ്ടോട്ടി, ഓമാനൂർ ബ്ലോക്കുകളാണ് ഇതിൽ നിന്ന് ഒഴിഞ്ഞുനിന്നത്. എന്നാൽ ഒരുവർഷത്തെ കണക്കെടുത്താൽ എല്ലാ ബ്ലോക്കുകളിലും ഇത്തരം പ്രസവങ്ങൾ നടന്നിട്ടുണ്ട്.


ആരോഗ്യ ബ്ലോക്ക് - വീട്ടിൽ പ്രസവിച്ചവർ
വേങ്ങര - 4
എടവണ്ണ - 4
പൂക്കോട്ടൂർ - 3
കുറ്റിപ്പുറം - 3
വെട്ടം - 2
തവനൂർ - 2
വളവന്നൂർ - 1
നെടുവ - 1
ചുങ്കത്തറ - 1
വണ്ടൂർ - 1
മങ്കട - 1
മാറഞ്ചേരി - 1

വീട്ടിനുള്ളിലെ പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കാം. അശാസ്ത്രീയമായ പ്രസവമെടുപ്പ് അമ്മയ്ക്കും കുഞ്ഞിനും ദീർഘകാലാടിസ്ഥാനത്തിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാം. അമിത രക്തസ്രാവമടക്കം പ്രസവ സമയത്ത് വരുന്ന സങ്കീർണ്ണതകൾ വീട്ടിനുള്ളിലെ പ്രസവങ്ങളിൽ മരണത്തിലേക്ക് വഴിവയ്ക്കും.

ഡോ.എൻ.എൻ.പമീലി, ജില്ലാ ആർ.സി.എച്ച് ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM, PREGNENCY, HOUSE, HOSPITAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.