വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകനായ സണ്ണി ജോസഫ് ആദ്യമായി കഥയെഴുതി സംവിധാനം നിർവഹിച്ച ഭൂമിയുടെ ഉപ്പ് (Salt of The Earth ) ദൈവ വിശ്വാസത്തിന്റെ നന്മയും മതങ്ങളുടെ സ്വാധീനവും തുറന്നുകാട്ടുന്നതിനൊപ്പം ആത്മീയതയുടെ ഉൾവെളിച്ചം പ്രകാശിപ്പിക്കുന്നതുമായി.സങ്കീർണ്ണമായ ഒരു പ്രമേയമാണെങ്കിലും അതുയർത്തുന്ന സന്ദേശം ലളിതമായി എന്നാൽ മൂർച്ഛയോടെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഉള്ളിൽ ആത്മീയതയുള്ളയാളാണ് സണ്ണിയെന്ന് അടുപ്പമുള്ളവർക്ക് അറിയാം.ആ ചിന്താധാര അന്തർലീനമായി സിനിമയിൽ അടങ്ങിയിട്ടുണ്ട്. മനസിൽ നന്മയുള്ളവരെപ്പോലും മതം എത്രമാത്രം തെറ്റായി നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ കഥാസാരം.ശെമ്മാശൻമാരെ പരിശീലിപ്പിക്കുന്ന ഒരു ക്രൈസ്തവ ആശമത്തിൽ പുരോഹിതരും വൈദിക വിദ്യാർത്ഥികളും തമ്മിൽ നടക്കുന്ന ആശയവിനിമയങ്ങളിലൂടെ ദൈവത്തിന്റെയും സാത്താന്റെയും ശരിയും തെറ്റും വളരെ സൂക്ഷ്മമായി സണ്ണി വരച്ചുകാട്ടുന്നുണ്ട്.ദൈവവിളി കേട്ടെത്തുന്നവരെന്ന് സങ്കൽപ്പിക്കുന്നവരുടെയും ജീവിതത്തിന്റെ പൊരുൾ തേടിയലയുന്നവരുടെയും മതത്തിന്റെ ദു:സ്വാധീനങ്ങളിൽ മുങ്ങിത്താഴുന്നവരുടെയും വിഹ്വലതകൾ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ക്രിസ്തുവിനെയും കമ്മ്യൂണിസത്തെയും ഒരുപോലെയെന്ന് ചിന്തിച്ച ഒതു തലമുറയുടെ ഗൃഹാതുര സ്മരണകളും ,കമ്മ്യൂണിസം പതിവൃതയായി നിന്ന കാലഘട്ടവും ചിത്രത്തിൽ കടന്നുപോകുന്നുണ്ട്. ക്രിസ്തുവിന്റെ വഴിയിലെ സ്ത്രീ പക്ഷത്തെ വിസ്മരിച്ചവരെക്കുറിച്ച് പഠിക്കാനെത്തുന്ന സോഫി എന്ന പെൺകുട്ടിയെ അവതരിപ്പിച്ച നടിയാണ് ചിത്രത്തിന് ജീവൻവയ്പ്പിക്കുന്നത്. മനുഷ്യനന്മ എല്ലാ വിശ്വാസങ്ങൾക്കും മുകളിലാണെന്ന് മനസിലാക്കിത്തരുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്.രഘൂത്തമൻ, ഷൈലജ അമ്പു തുടങ്ങിയവരാണ് അഭിനേതാക്കൾ. പിറവിയുടെ ഛായാഗ്രാഹകനായി ലോകശ്രദ്ധ നേടിയ സണ്ണി തന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ ,സൗവിക്,സുനിൽ എന്നീ മൂന്നുപേരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുകടവ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്.അകാലത്തിൽ വിടപറഞ്ഞ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വലിയ മേന്മകളിലൊന്നാണ്.സൺ മൂൺ ഫിലിംസും ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടാഗ്രാഫിയും ചേർന്നാണ് സിനിമ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ തിരുവനന്തപുരത്തെ പ്രഥമപ്രദർശനം കഴിഞ്ഞദിവസം ബാനർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |