കൊച്ചി: അമ്മ മരിച്ചുപോയെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി 25.75 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ബഹ്‌റൈനിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി രജുലയാണ് 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.
കസ്റ്റംസിന്റെ ഡ്യൂട്ടി സമയം മാറുന്നതിനിടെയാണ് ഇവർ എത്തിയത്. തിരക്കുകൂട്ടി ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ രജുലയുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഷൂസിനുള്ളിൽ കറുത്ത കവറിൽ പൊതിഞ്ഞ് 275 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നു. കൂടാതെ 253 ഗ്രാം തൂക്കം വരുന്ന അഞ്ച് വളകളും ഒരു മാലയും ഇവർ അണിഞ്ഞിരുന്നതായും കണ്ടെത്തി.
അമ്മ മരിച്ചതിനെ തുടർന്നല്ല രജുല എത്തിയതെന്നും കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്നവരെ കൂടുതൽ പരിശോധന കൂടാതെ ഗ്രീൻ ചാനലിലൂടെ കടത്തിവിടാറുണ്ട്. ഇത് മുതലാക്കിയാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |