ലക്നൗ: ഏഴുവയസുകാരനായ മുസ്ലീം വിദ്യാർത്ഥിയുടെ കരണത്ത് സഹപാഠികളെക്കൊണ്ട് അടിപ്പിച്ചതിലൂടെ കുപ്രസിദ്ധമായ ഉത്തർപ്രദേശിൽ മുസാഫർ നഗറിലെ ഖുബ്ബപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂൾ അടപ്പിച്ചു. അന്വേഷണം പൂർത്തിയാകുംവരെ സ്കൂൾ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് സ്കൂൾ അടച്ചത്.
കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തൃപ്ത ത്യാഗി എന്ന അദ്ധ്യാപികയാണ് വിദ്യാർത്ഥിയെ ഇതര സമുദായത്തിലെ കുട്ടികളെ കൊണ്ട് തല്ലിച്ചത്. തല്ലാൻ അദ്ധ്യാപിക നിർദ്ദേശിക്കുകയും ഓരോ കുട്ടിയായി വന്ന് തല്ലുകയുമായിരുന്നു. ശക്തിയായി അടിക്കാനും കുട്ടിയുടെ അരയിൽ അടിക്കാനും പറയുന്ന അദ്ധ്യാപിക വംശീയ പരാമർശങ്ങൾ നടത്തുന്നതും അടികൊള്ളുന്ന കുട്ടി കരയുന്നതും വിഡിയോയിൽ ഉണ്ട്. ഇത് മറ്റൊരാൾ വീഡിയോയിൽ പകർത്തുകയായിരുന്നു.കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് ക്രൂരത .
വൻ പ്രതിഷേധം ഉയർന്നിട്ടും അദ്ധ്യാപിക തന്റെ പ്രവൃത്തി ന്യായീകരിക്കുകയാണ് ചെയ്‌തത്. കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടും അനങ്ങാതിരുന്ന പൊലീസ്, വീഡിയോ വൈറലാവുകയും രാജ്യവ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തത്.കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റാൻ മാതാപിതാക്കൾ തീരുമാനിച്ചെങ്കിലും സ്‌കൂൾ അധികൃതരുമായുള്ള ചർച്ചയ്ക്ക് പിന്നാലെ അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും ശശി തരൂരും ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ മുക്കുംമൂലയും തീയിടാൻ ബി.ജെ.പി പകരുന്ന എണ്ണയാണ് ഇതെന്ന് രാഹുൽ പ്രതികരിച്ചത്. സമാജ്‌വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ബി.ജെ.പി നേതാവ് വരുൺ ഗാന്ധി, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരും പ്രതിഷേധിച്ചു.
അംഗപരിമിത, ന്യായീകരിച്ച് അദ്ധ്യാപിക
ചെറിയ സംഭവമാണിത്. താൻ അംഗപരിമിതയാണ്. പഠിക്കാത്തതിനാണ് കുട്ടികളെ കൊണ്ട് ശിക്ഷിച്ചത്. സംഭവം വളച്ചൊടിച്ചു. ഇതൊക്കെ വിവാദമാക്കാൻ തുടങ്ങിയാൽ അദ്ധ്യാപകർ എങ്ങനെയാണ് പഠിപ്പിക്കുക?.
ജയ് ശ്രീറാം എഴുതിയതിന് മർദ്ദനം
അതിനിടെ, ജമ്മു കാശ്മീരിലെ കത്വയിൽ ബോർഡിൽ ജയ് ശ്രീറാം എന്ന് എഴുതിയതിന് അദ്ധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അദ്ധ്യാപകനും സ്കൂളിനും എതിരെ കേസെടുത്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |