തിരുവനന്തപുരം: നഗരസഭയുടെ ആരോഗ്യവിഭാഗം ഇന്നലെ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ത്രീസ്റ്റാർ ഹോട്ടലുകളടക്കം 30 ഓളം ഹോട്ടലുകളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്നലെ രാവിലെ 7 മുതൽ 9 വരെ കമലേശ്വരം, മണക്കാട്, കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, തമ്പാനൂർ, കരമന എന്നിവിടങ്ങളിലെ 59 ഹോട്ടലുകളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്‌ത 46 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്‌തു. ദിവസങ്ങളോളം പഴക്കമുള്ള ചിക്കൻ, മീൻ, ബീഫ് വിഭവങ്ങൾ, ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചി, ഫ്രൈഡ് റൈസ്, ബിരിയാണി, പൊറോട്ട, ചോറ്, പഴകിയ പാചക എണ്ണ, പുഴുങ്ങിയ മുട്ട, പഴവർഗങ്ങൾ, ഐസ്ക്രീം തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 'ഓപ്പറേഷൻ സുഭോജന'യുടെ ഭാഗമായി നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലും ആരോഗ്യ കാർഡില്ലാതെയും തൊഴിലാളികൾ പണിയെടുക്കുന്നതായി കണ്ടെത്തി. കുടിവെള്ള ടാങ്ക്, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവ വൃത്തിഹീനമാണെന്നും ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ലെന്നും കണ്ടെത്തി. ത്രീസ്റ്റാർ ഹോട്ടലുകളായ പങ്കജ്, ചിരാഗ് ഇൻ, ഗീത് എന്നിവിടങ്ങളിൽ നിന്നും പാളയത്തെ ഹോട്ടൽ എം.ആർ.എ, ഹോട്ടൽ ആര്യാസ്, അട്ടക്കുളങ്ങരയിലെ ഹോട്ടൽ ബുഹാരി, ബിസ്‌മി, ദീനത്ത്, ഇഫ്‌താർ, സൺ വ്യൂ, ആയുർവേദ കോളേജ് ജംഗ്ഷനിലെ ഹോട്ടൽ ഓപ്പൺ ഹൗസ്, ഹോട്ടൽ സഫാരി, തമ്പാനൂരിലെ ഇന്ത്യൻ കോഫീ ഹൗസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം സജ്ജമാക്കാൻ ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, പ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹനചന്ദ്രൻ, അനൂപ് റോയ്, അനിൽകുമാർ .എൻ.വി, സുജിത്ത് സുധാകർ തുടങ്ങിയവർ നേതൃത്വം നൽകി.
ഹോട്ടലുകളിൽ പരിശോധന തുടരും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹോട്ടലുകൾക്ക് ആദ്യഘട്ടത്തിൽ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്‌തിട്ടുണ്ട്. ആവർത്തിക്കുകയാണെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കും.
മേയർ വി.കെ. പ്രശാന്ത്
പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ
----------------------------------------------------
ബീഫ്, ചിക്കൻ, മീൻ വിഭവങ്ങൾ
ചോറ്
മയണൈസ്
ചപ്പാത്തി
ബിരിയാണി
പൊറോട്ട
ഫ്രൈഡ് റൈസ്
പാൽ
തൈര്
പുഴുങ്ങിയ മുട്ട
മീൻ, ഇറച്ചി
ബട്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |