ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്‌ക്ക് ശേഷം തിരികെ കാനഡയിലേക്ക് മടങ്ങാനൊരുങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രുഡോയുടെയും സംഘത്തിന്റെയും യാത്ര മുടങ്ങി. അദ്ദേഹത്തിന് സഞ്ചരിക്കേണ്ട വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനാലാണ് യാത്ര മുടങ്ങിയത്. ട്രൂഡോയും സംഘവും ഇപ്പോഴും ന്യൂഡൽഹിയിൽ തുടരുകയാണ്.
ട്രുഡോയും സംഘവും യാത്ര പുറപ്പെടാൻ വിമാനത്താവളത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് സാങ്കേതിക തകരാർ വിമാനത്തിനുണ്ടെന്ന് വിവരം ലഭിച്ചത്. പ്രശ്‌നം രാത്രിതന്നെ പരിഹരിക്കാനാകാത്തതിനാൽ പ്രധാനമന്ത്രി ഇന്ത്യയിൽ തന്നെ തുടരുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ട്രുഡോയ്‌ക്ക് യാത്ര ചെയ്യേണ്ട സി എഫ് സി 001 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ജി20 ഉച്ചകോടിയിൽ ഗാന്ധിസ്‌മൃതിയിൽ ആദരമർപ്പിച്ച ശേഷം രാത്രി എട്ടിനാണ് ട്രുഡോ മടങ്ങേണ്ടിയിരുന്നത്.
സിഖ് വിഘടനവാദി വിഭാഗങ്ങളെ രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് കനേഡിയൻ സർക്കാരിനെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. മയക്കുമരുന്ന്, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഇന്ത്യയ്‌ക്കെതിരായി നടത്തുന്ന സംഘങ്ങൾക്കെതിരെ കാനഡയ്‌ക്കും ആശങ്കയുണ്ടാകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ട്രുഡോയും മോദിയും തമ്മിൽ ജി20 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളും നടത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |