തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു മൂലം നീണ്ടുപോയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന അടിയന്തരമായി പൂർത്തിയാക്കാൻ കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. ഇതോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ളോക്ക് ഭാരവാഹികളുടെയും പുനഃസംഘടനയും പൂർത്തിയാക്കും.
പുതുപ്പള്ളിയിൽ റെക്കാഡ് വിജയം നേടിയ ചാണ്ടിഉമ്മനെയും ഉജ്വല വിജയം സമ്മാനിച്ച ജനങ്ങളെയും യോഗം അഭിനന്ദിച്ചു. എൽ.ഡി.എഫിന്റെ 12,000 ലധികം വോട്ട് ചോർന്നത് യു.ഡി.എഫിന് അനുകൂലമായി രാഷ്‌ട്രീയം മാറുന്നതിന്റെ സൂചനയായി യോഗം വിലയിരുത്തി.
കെ.കരുണാകരൻ ഫൗണ്ടേഷന്റെ മന്ദിരനിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനും തീരുമാനിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണം. പിണറായിയുടെ ശത്രുവായിരുന്ന ദല്ലാൾ നന്ദകുമാർ പിന്നീട് അടുപ്പക്കാരനായത് നെറികെട്ട രാഷ്ട്രീയമാണ്. ഇതിലെ സാമ്പത്തിക ഇടപാടിലും സി.പി.എം പങ്ക് വ്യക്തമാണ്. യു.ഡി.എഫ് നേതാക്കൾക്കെതിരെ മൊഴി നൽകാൻ 10 കോടി വാഗ്ദാനം ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഇടപാടും അന്വേഷിക്കണം. ആരോപണങ്ങളുടെ ഉറവിടമായ ഗണേശ് കുമാറിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ വൈകിയത് അങ്ങേയറ്റം പ്രതിരോധത്തിലായതിനാലാണ്. എ.ഐ ക്യാമറ, കെ ഫോൺ പദ്ധതികളിലും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേര് ഉയർന്നിട്ടുണ്ട്. ഇ.ഡി അന്വേഷണം വേണ്ടത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ്. ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവമാണ് കേന്ദ്ര ഏജൻസികളിൽ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്. ലാവ്‌ലിൻ കേസ് നീളുന്നതിന് പിന്നിലും ഈ ബന്ധമാണ്. സർക്കാർ ചെലവിൽ ഡൽഹിയിൽ രണ്ടു പേരെ നിയോഗിച്ചത് ബി.ജെ.പിയുമായി പാലമുണ്ടാക്കാനാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനെ സി.പി.എം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം പുറത്തുവരുമെന്നു ഭയന്നാണ്. മുൻ ആലത്തൂർ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ബിജുവിന്റെ പങ്കും ദുരൂഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും കെ.പി.സി.സി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഡി.സി.സി പ്രസിഡന്റുമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |