കൊച്ചി: രോഗികൾക്ക് മരുന്നിനൊപ്പം മായമില്ലാത്ത ആഹാരവുമൊരുക്കുകയാണ് എറണാകുളം പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി. ഇതിനായി എട്ടാം നിലയിലെ 3000 ചതുരശ്രയടി ടെറസിൽ ജൈവപ്പച്ചക്കറി തോട്ടവുമൊരുക്കി. പ്രതിദിനം 50 മുതൽ 100 കിലോ വരെ പച്ചക്കറി ലഭിക്കും. ഇതാണ് ആശുപത്രി കാന്റീനിൽ ഉപയോഗിക്കുന്നത്. 1000 ചുവട് വെണ്ടയും 2000 ചുവട് തക്കാളിയുമടക്കം ടെറസിലുണ്ട്. ഒപ്പം പച്ചമുളക്, വഴുതന, കത്തിരി, പയർ, പാവൽ, പീച്ചിൽ തുടങ്ങിയവയെല്ലാം ഇവിടെ സമൃദ്ധമാണ്.
കാന്റീനിൽ മികച്ച ഭക്ഷണമൊരുക്കാനാണ് 10 വർഷം മുമ്പ് പച്ചക്കറിക്കൃഷിയാരംഭിച്ചത്. മരുന്നുകളുടെയും മറ്റും വലിയ കാനുകൾ മുറിച്ച് മണ്ണ് നിറച്ചാണ് മട്ടുപ്പാവ് കൃഷി. സീനിയർ ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ സുന്ദരേശനാണ് കൃഷിയുടെ മേൽനോട്ടം. ആശുപത്രിയിലെത്തിയാലുടൻ സുന്ദരേശൻ മട്ടുപ്പാവിൽ കയറും. തുടർന്ന് ചെടി നനയ്ക്കും.
മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കൂട്ടായ്‌മയിലാണ് പരിചരണം. വല വിരിച്ച് ചെടികൾക്ക് തണലുമൊരുക്കിയിട്ടുണ്ട്. ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് വളം.
മിച്ചമുള്ളത് ജീവനക്കാർക്ക്
കാന്റീനിൽ മിച്ചമുള്ള പച്ചക്കറികൾ ജീവനക്കാർക്ക് ചെറിയ വിലയ്‌ക്കു നൽകും. കൊവിഡ് കാലത്താണ് കൃഷി വിപുലമാക്കിയത്. ആശുപത്രിയിലെ തിരക്കുകൾക്കിടയിൽ അല്പനേരം വിശ്രമിക്കാൻ ഡോക്ടർമാർ ഉൾപ്പെടെ ഇവിടെയെത്തും. കുറച്ചുനേരം കൃഷിയിടത്തിൽ നടക്കുമ്പോൾ സന്തോഷവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് ജീവനക്കാരും പറയുന്നു. അതിനിടെ, കാബേജുൾപ്പെടെ കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി അധികൃതർ. കാക്കനാട് കൃഷിഭവനിൽ നിന്നാണ് പച്ചക്കറിത്തൈകൾ വാങ്ങുന്നത്.
'2012 ലാണ് ആശുപത്രിയിൽ പച്ചക്കറിക്കൃഷി ആരംഭിച്ചത്. മാതൃകാപരമായാണ് മുന്നേറുന്നത്. വരും വർഷങ്ങളിലും തുടരും".
- കൃഷ്ണദാസ് പോളക്കുളത്ത്,
സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ റിനൈ മെഡിസിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |