ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി ഒമ്പത് ദിവസം മാത്രം. സെപ്തംബർ 30 വരെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുമെന്നാണ് ആർ.ബി.ഐ അറിയിച്ചിരിക്കുന്നത്. മെയ് 19 നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസർവ് ബാങ്ക് അറിയിച്ചത്. മെയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം.
ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം. പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല. പ്രത്യേക ഫീസ് നൽകേണ്ടതില്ല. 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിന് പരിധിയില്ല. പക്ഷേ, കെ.വൈ.സി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങൾ ബാധകമായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.
2016 നവംബർ എട്ടിന് മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018–19ൽ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാർച്ചിനു മുൻപ് അച്ചടിച്ചവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |