ബംഗളൂരു: ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുമായി സഖ്യത്തിലായതിന് പിന്നാലെ ജെ ഡി എസിൽ പൊട്ടിത്തെറി. സഖ്യത്തിന് പിന്നാലെ ജെ ഡി എസ് മുസ്ലിം നേതാക്കൾ രാജിവയ്ക്കുന്നു. ജെ ഡി എസ് സീനിയർ വെെസ് പ്രസിഡന്റ് സയിദ് ഷഫിയുള്ള രാജിവച്ചു. കൂടാതെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ എൻ എം നബി ഉൾപ്പെടെയുള്ളവർ പാർട്ടി വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി മുൻ പ്രതിനിധി മൊഹിദ് അൽത്താഫ്, യുവജനവിഭാഗം പ്രസിഡന്റ് എൻ എം നൂർ, ന്യൂനപക്ഷ വിഭാഗം മുൻ മേധാവി നാസിർ ഹുസെെൻ ഉസ്താദ് തുടങ്ങിയവരും പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.
ജെ ഡി എസ് മതേതര പാർട്ടിയായിട്ടും എൻ ഡി എ മുന്നണിയിൽ ചേർന്നതിൽ അതൃപ്തരാണെന്ന് സയിദ് ഷഫിയുള്ള പറഞ്ഞു. മുസ്ലിം അംഗങ്ങൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും പാർട്ടി തീരുമാനത്തിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് വലിച്ചിട്ടവരുമായി തന്നെ കൂട്ടുകൂടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെ ഡി എസ് ശിവമോഗ പ്രസിഡന്റ് എം ശ്രീകാന്തടക്കമുള്ളവരും രാജിവച്ചിട്ടുണ്ട്. എന്‍ ഡി എയ്‌ക്കൊപ്പം ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് കേരള ഘടകവും വ്യക്തമാക്കിയിരുന്നു.
ബി ജെ പിയും ജെ ഡി എസും കൈകോർക്കുന്നത് ആദ്യമല്ല. 2006ലും സഖ്യമുണ്ടാക്കിയിരുന്നു. കർണാടകയിൽ സർക്കാർ രൂപീകരിച്ചെങ്കിലും 20 മാസത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ കുമാരസ്വാമി വിസമ്മതിച്ചതിനെ തുടർന്ന് പൊളിഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ കർണാടകയിലെ 28 സീറ്റുകളിൽ 25 ഉം ബി ജെ പി നേടി. ജെ.ഡി.എസിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി രഹസ്യ ധാരണയിലാണ് മത്സരിച്ചതെങ്കിലും അതും ജെ ഡി എസിനെ സഹായിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |