ന്യൂയോർക്ക് : ഡംബോ... വലിയ നീണ്ട ചെവികളോട് കൂടിയ പറക്കാൻ കഴിയുന്ന ആനക്കുട്ടി. കുട്ടികളുടെ പ്രിയപ്പെട്ട ഡംബോ എന്ന കുട്ടിയാന വാൾട്ട് ഡിസ്നിയെന്ന മാന്ത്രികന്റെ ഭാവനയിൽ വിരിഞ്ഞ കാർട്ടൂൺ കഥാപാത്രമാണ്. അതുപോലെ പ്രകൃതിയുടെ കരവിരുതിൽ വിരിഞ്ഞ ഒരു ഡംബോ കടലിന്റെ അടിത്തട്ടിലുമുണ്ട്. ഡംബോ ആനക്കുട്ടിയെ പോലെ ക്യൂട്ടായ ഒരു നീരാളിയാണത്.
' ഡംബോ ഒക്ടോപസ് " എന്നാണ് അവ അറിയപ്പെടുന്നത്. ഡംബോ ആനക്കുട്ടിയെ ഓർമിപ്പിക്കും വിധം തലയ്ക്ക് ഇരുവശവും ചെവിയ്ക്ക് സമാനമായ കൂറ്റൻ ചിറകുകൾ ആണ് ഈ നീരാളിയുടെ പ്രത്യേകത. പുറംലോകത്തിന് അത്ര പരിചയമില്ലാത്ത ഇക്കൂട്ടർ മനുഷ്യന്റെ ക്യാമറക്കണ്ണുകളിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമാണ്. അത്തരത്തിൽ വടക്കൻ പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ലൈവ് സ്ട്രീമിനിടെ അവിചാരിതമായി പ്രത്യക്ഷപ്പെട്ട ഒരു ഡംബോ നീരാളിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പര്യവേക്ഷകർ.
ഓഷൻ എക്സ്പ്ലൊറേഷൻ ട്രസ്റ്റിന്റെ ' ലിറ്റിൽ ഹെർക്കുലീസ് ' എന്ന ആളില്ലാ ചെറു സമുദ്രപേടകമാണ് സമുദ്രോപരിതലത്തിൽ നിന്ന് 8,743 അടി താഴ്ചയിൽ നീന്തുന്ന ഡംബോ നീരാളിയുടെ ചിത്രം പകർത്തിയത്. കടലിനടിയിലെ കൂരിരുട്ടിലൂടെ നീങ്ങുന്ന ഡംബോ നീരാളിയെ കണ്ടാൽ ശരിക്കും ഒരു സിനിമയിലെ പോലെ പ്രേതങ്ങളെയൊക്കെയാകാം പലർക്കും ഓർമ്മ വരിക. ഇ.വി നോറ്റിലിസ് എന്ന കപ്പലാണ് ലിറ്റിൽ ഹെർക്കുലീസിനെ നിയന്ത്രിക്കുന്നത്. അംബ്രല്ല ഒക്ടോപസ് എന്നും ഡംബോ നീരാളികൾ അറിയപ്പെടുന്നുണ്ട്.
2020ൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ ജാവ ട്രഞ്ചിൽ 23,000 അടി താഴ്ചയിൽ കണ്ടെത്തിയ ഡംബോ നീരാളിയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ആഴം കൂടിയ ഭാഗത്ത് കണ്ടെത്തപ്പെട്ട നീരാളി. ഡംബോ നീരാളികളെ പറ്റി പരിമിതമായ അറിയവേ ശാസ്ത്രലോകത്തിനുള്ളു. സൂര്യപ്രകാശം കടന്നുചെല്ലാത്ത തണുപ്പ് കൂടിയ കടലിന്റെ അടിത്തട്ട് ഭാഗങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. 20 മുതൽ 30 സെന്റീമീറ്റർ വരെ നീളം സാധാരണ ഡംബോ നീരാളികൾക്കുണ്ട്. ചിലപ്പോൾ 50 സെന്റീമീറ്ററിലധികം വളരാറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |