കോഴിക്കോട്: കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. പക്രംതളം ചുരത്തിന് സമീപം ചാത്തങ്കോട്ടുനടയിലാണ് സംഭവം. വടകര പതിയാരക്കര മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് ഡിസ്‌ട്രിക്‌ട് ആന്റി നാർകോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പൊലീസും ചേർന്ന് പിടികൂടിയത്. ദമ്പതികളിൽ നിന്ന് 96.44 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
ജിതിൻ ബാബു കണ്ണൂർ, കോഴിക്കോട്, വടകര ഭാഗങ്ങളിൽ സ്ഥിരമായി ലഹരി വിൽപന നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളായി ദമ്പതികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരുവിൽ നിന്ന് എം ഡി എം എ കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ജിതിനും ഭാര്യയും പിടിയിലാവുന്നത്. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി ലഹരിക്കടത്തിൽ ഭാര്യയെ ഒപ്പം കൂട്ടുന്നതാണ് ഇയാളുടെ രീതി.
ബംഗളൂരുവിലെ മൊത്തവിതരണക്കാരിൽ നിന്നാണ് ഇയാൾ സ്ഥിരമായി എംഡിഎംഎ വാങ്ങിയിരുന്നതെന്ന് നാർകോട്ടിക്‌സ് സെൽ വ്യക്തമാക്കുന്നു. വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |