ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി തുടങ്ങിയവരുൾപ്പെട്ട അയോദ്ധ്യ ബാബ്റി മസ്ജിദ് തകർക്കൽ കേസിൽ വിചാരണ തീർക്കാൻ ആറുമാസം കൂടി സമയം തേടി ലക്‌നൗ സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജ് സുപ്രീംകോടതിയെ സമീപിച്ചു. സെപ്തംബർ 30ന് വിരമിക്കാനിരിക്കെയാണെന്ന് കത്തിൽ സ്പെഷൽ ജഡ്ജ് ചൂണ്ടിക്കാട്ടി. കേസിൽ വിധിപറയും വരെ കാലാവധി നീട്ടിക്കൊടുക്കുന്നത് ജൂലായ് 19നകം പരിശോധിക്കാൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗൂഢാലോചനകുറ്റം ചുമത്തി ബി.ജെ.പിയുടെ ഉന്നത നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി,ഉമാഭാരതി എന്നിവർക്കും മറ്റ് 13 നേതാക്കൾക്കുമെതിരെയുള്ള കേസ് 2017 ഏപ്രിലിൽ ആണ് സുപ്രീംകോടതി പുനഃ സ്ഥാപിച്ചത്. റായ്ബറേലി കോടതിയിലെ കേസും ലൗക്നൗവിലെ സിബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു. ദൈനംദിനാടിസ്ഥാനത്തിൽ വാദം കേട്ട് രണ്ടുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ജസ്റ്റിസുമാരായ പി.സി ഘോഷ്, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ കുറ്റാരോപിതനായ അന്നത്തെ യു.പി മുഖ്യമന്ത്രി കൂടിയായ കല്യാൺസിംഗിന് ഗവർണർ എന്ന നിലയിൽ പദവിയൊഴിയുംവരെ ഭരണഘടനാ പരിരക്ഷയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. അദ്വാനി ഉൾപ്പെടെ 21 പേർക്കെതിരെയുള്ള നടപടി 2001 മേയിൽ സെഷൻസ് കോടതി ഒഴിവാക്കിയതാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |