ഗുവാഹത്തി: വീട്ടുജോലി ചെയ്യുന്ന പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റിലായി. വീട്ടിലെ സഹായത്തിനായി ദമ്പതികൾ കൊണ്ടുവന്ന പതിനാറുകാരിയാണ് ക്രൂര മർദ്ദനത്തിനിരയായത്. ആസാമിലെ ദിമ ഹസാവോ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഇന്ത്യൻ ആർമിയിലെ മേജറായ ശൈലേന്ദ്ര യാദവും ഭാര്യ കിമ്മി റാൽസണുമാണ് അറസ്റ്റിലായത്.
ഹിമാചൽ പ്രദേശിലെ പാലംപൂരിലെ മേജറാണ് അറസ്റ്റിലായ ശൈലേന്ദ്ര യാദവ്. പെൺകുട്ടിയെ ശാരീരീകമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.ഇരയുടെ ശരീരത്തിൽ ചൂടുവെളളം ഒഴിച്ചതിന്റെ പാടുകളും കണ്ടെത്തി.ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഊരി മാറ്റിയാണ് ദമ്പതികൾ മർദ്ദിച്ചത് എന്നും പെൺകുട്ടി പറഞ്ഞു.
കിമ്മി തന്റെ ഗ്രാമത്തിൽ നിന്നും വീട്ടുജോലിക്കായി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി പല കാരണങ്ങളും ആരോപിച്ച് ദമ്പതികൾ ഇരയെ ഉപദ്രവിച്ച് വരികയായിരുന്നു. പെൺകുട്ടി ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ചവറ്റുക്കുട്ടയിൽ നിന്നും കഴിക്കാൻ ഭാര്യ പറഞ്ഞതായും പരാതിയിലുണ്ട്.
പെൺകുട്ടി ഈ മാസം 24ന് ഹഫ്‌ലോങ്ങിലുളള വീട്ടിലേക്ക് പോയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി കോണിപ്പടിയിൽ നിന്ന് വീണതെന്നാണ് ദമ്പതികൾ നൽകിയ മൊഴി.മേജറിനെയും ഭാര്യയെയും ഹാഫ്‌ലോംഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടി ഇപ്പോൾ ഹഫ്‌ലോങ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഇരയുടെ മൂക്കിൽ പൊട്ടലും നാവിൽ ആഴത്തിലുളള മുറിവുകളും ഉണ്ട്. പ്രതികൾക്കെതിരെ പോക്‌സോ കേസ് ഉൾപ്പടെ വിവിധ കേസുകൾ ചുമത്തിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |