ഇംഫാൽ : മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികളും സുരക്ഷാ സേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇംഫാലിൽ വീണ്ടും സംഘർഷം. വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകൾ നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു, തങ്ങളുടെ ആവശ്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണമെന്നും വിദ്യാർത്ഥികൾ ഉന്നയിച്ചു. കല്ലേറിനെ തുടർന്ന് സുരക്ഷാസേന വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 45 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു,. ഇത് മറികടന്നാണ് സ്‌കൂളുകളിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. അതേസമയം സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ മണിപ്പൂരിൽ ആറുമാസത്തേക്ക് കൂടി നീട്ടി. ഇംഫാൽ താഴ്വരയിലെ 19 പൊലീസ് സ്റ്റേഷനുകളും അസമുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് അഫ്സ്പ പ്രഖ്യാപിച്ചത്. മെയ്തി വിഭാഗം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് അഫ്സ്പ ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസമാണ് കാണാതായ മെയ്തി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യത്തെ ചിത്രത്തിൽ ഫിജാം ഹേംജിത്തും (20) ഹിജാം ലിന്തോയിങ്കമ്പി (17)യും പുൽത്തകിടിയിൽ ഇരിക്കുന്നത് കാണാം. അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ടുപേർ നിൽക്കുന്നു. മറ്റൊരു ചിത്രത്തിൽ അവർ മരിച്ച് കിടക്കുന്നതാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |