ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാകിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ. പൂൾ എയിലെ മത്സരത്തിൽ രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തെറിഞ്ഞത്. പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
നാലു ഗോളുകൾ നേടിയ ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗ് ഇന്ത്യക്കായി തിളങ്ങി. 11, 17,33,34 മിനിട്ടുകളിലായിരുന്നു ഹർമ്മന്റെ ഗോളുകൾ. വരുൺകുമാർ രണ്ട് ഗോളുകൾ നേടി. മൻദീപ് സിംഗ്, സുമിത്, ഷംഷേർ സിംഗ്, ലളിത് ഉപാദ്ധ്യായ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. മുഹമ്മദ് ഖാൻ, അബ്ദുൾ റാണ എന്നിവർ പാകിസ്ഥാന്റെ ആശ്വാസ ഗോളുകൾ നേടി.
അതേ സമയം പുരുഷന്മാരുടെ സ്ക്വാഷ് ടീം ഫൈനലിലെയും ടെന്നിസ് മിക്സഡ് ഡബിൾസിലെയും അത്യുജ്ജ്വല വിജയങ്ങളോടെ ഇന്ത്യ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ 10 സ്വർണമെഡലുകൾ തികച്ചു. 14 വീതം വെള്ളിയും വെങ്കലവും ഉൾപ്പടെ 38 മെഡലുകളുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
പാകിസ്ഥാനെതിരായ സ്ക്വാഷ് ഫൈനലിൽ ആദ്യ മത്സരത്തിൽ തോൽവി നേരിട്ട ശേഷം സൗരവ് ഘോഷാലും അഭയ് സിംഗും നേടിയ വിജയങ്ങളാണ് ഇന്ത്യയെ സ്വർണത്തിലെത്തിച്ചത്. കോർട്ടിലും പുറത്തും പാകിസ്ഥാൻ താരങ്ങൾ സൃഷ്ടിച്ച പ്രകോപനങ്ങൾ മറികടന്നായിരുന്നു ഇന്ത്യൻ പടയോട്ടം. മിക്സഡ് ഡബിൾസിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് രോഹൻ ബൊപ്പണ്ണ- റിതുജ ഭോസ്ലെ സഖ്യം ടൈബ്രേക്കറിലൂടെ സുവർണവിജയം വെട്ടിപ്പിടിച്ചത്. അത്ലറ്റിക്സിൽ പുരുഷ 10,000 മീറ്ററിൽ ഇന്ത്യയ്ക്ക് വേണ്ടി കാർത്തിക് കുമാർ വെള്ളിയും ഗുൽവീർ സിംഗ് വെങ്കലവും നേടി. മിക്സഡ് പിസ്റ്റൽ ഷൂട്ടിംഗിൽ സരബ്ജ്യോത്- ദിവ്യ സുബ്ബറാവു സഖ്യത്തിലൂടെ ഒരു വെള്ളിയും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |