തിരുവനന്തപുരം: കാമുകൻ പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംകലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ വാദം കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുഖ്യപ്രതി ഗ്രീഷ്മ. നെയ്യാറ്റിൻകര കോടതിയുടെ കീഴിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കന്യാകുമാരിയിലെ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നടത്തണമെന്നാണ് ഗ്രീഷ്‌മ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വിചാരണ നടത്തുന്നത് മുൻകാല സുപ്രീം കോടതി വിധികൾക്കെതിരാണെന്നാണ് ഗ്രീഷ്‌മയുടെ വാദം. അഭിഭാഷകനായ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്‌മയ്‌ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇക്കഴിഞ്ഞ 25ന് ഗ്രീഷ്‌മയ‌്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്കെതിരെ സമൂഹത്തിലുള്ള വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യംനൽകാതെ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്.
ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണക്കോടതി കേസുവിളിക്കുമ്പോഴൊക്കെ വീഴ്ചവരുത്താതെ ഹാജരാകണം. നിലവിലെ മേൽവിലാസവും മൊബൈൽനമ്പരും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും കൈമാറണം.
2022 ഒക്ടോബർ 17നാണ് ഷാരോൺ രാജിനെ ഗ്രീഷ്മ തന്റെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചതായിരുന്നു കാരണം. ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25ന് ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ ഗ്രീഷ്മ നവംബർ ഒന്നുമുതൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു.
തെളിവുനശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഗ്രീഷ്മ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്‌മയെ ജാമ്യം ലഭിക്കുന്നതിന് ഏതാനും ദിവസംമുമ്പ് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. സഹതടവുകാരിയുമായുളള പ്രശ്നത്തെത്തുടർന്നായിരുന്നു മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |