ന്യൂഡൽഹി: യുദ്ധഭൂമിയായ ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലർച്ചെ 5.30ന് എത്തും. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷൻ അജയ്' പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇവരുടെ രക്ഷാദൗത്യം ശ്രമകരമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഓപ്പറേഷൻ അജയുടെ ഭാഗമായിട്ടുള്ള ആദ്യ ചാർട്ടേഡ് വിമാനം അർദ്ധരാത്രിയോടെ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒരുക്കങ്ങൾ വിലയിരുത്തി. 18,000ത്തോളം ഇന്ത്യക്കാർ ഇസ്രയേലിലുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. ആവശ്യമെങ്കിൽ വ്യോമസേന വിമാനങ്ങളും ഉപയോഗിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡൽഹിയിലെ കേരള ഹൗസിൽ ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കും. 'ഓപ്പറേഷന്‍ അജയ്' പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു. കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 011 23747079.
അതേസമയം, ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്‌ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലസ്‌തീനോടുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയിന്റെ അവലോകന യോഗത്തിന് ശേഷം നടപടികൾ വിശദീകരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |