കോഴിക്കോട്: മാതൃഭൂമി ഡയറക്‌ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ.
ഒരു വടക്കൻ വീരഗാഥ, അങ്ങാടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്‌ബുക്ക് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇരുപതിലേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഹരിഹരന്റെ 'സുജാത'യാണ് ആദ്യ സിനിമ.
വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ,കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാന്തം എന്ന സിനിമയ്‌ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച നവ്യാ നായർ നായികയായെത്തിയ ജാനകി ജാനേയാണ് അവസാനം റിലീസ് ചെയ്ത ചിത്രം.
കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. നിലവിൽ എ ഐ സി സി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്.കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
കെ ടി സി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ലാണ് പി വി ഗംഗാധരന്റെ ജനനം. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ സഹോദരനാണ്. ഭാര്യ: ഷെറിൻ. മക്കൾ: ഷെനുഗ, ഷെഗ്ന, ഷെർഗ. എസ്ക്യൂബ് സിനിമാസിന്റെ ഉടമകളാണിവർ. ജയതിലക്, വിജിൽ, സന്ദീപ് എന്നിവരാണ് മരുമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |