ശിവകാശി: പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ സ്‌ത്രീകളടക്കം 13 മരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിയിലാണ് ദാരുണസംഭവമുണ്ടായത്. കിച്ചനായകംപട്ടി, രംഗപാളയം എന്നിവിടങ്ങളിലെ പടക്കനിർമ്മാണശാലകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒൻപത് സ്ത്രീകളും മരിച്ചതായാണ് സൂചന. ഇതിൽ രംഗപാളയത്താണ് 12 പേർ മരിച്ചത്. കിച്ചനായകംപട്ടിയിൽ ഒരാളും മരിച്ചു. രംഗപാളയത്ത് സ്‌ഫോടനമുണ്ടായ ഉടൻ അഞ്ചുപേർ മരിച്ചു. സംഭവമുണ്ടായ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.
രംഗപാളയത്ത് വിൽക്കാനായി തയ്യാറാക്കിയ പടക്കങ്ങൾ പൊട്ടിച്ച് പരിശോധിക്കവെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂരിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ മൂന്ന് ലക്ഷംരൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ശിവകാശിയിൽ ദീപാവലിയോടനുബന്ധിച്ച് വിവിധ പടക്കനിർമ്മാണ കേന്ദ്രങ്ങളിൽ പടക്കങ്ങൾ തയ്യാറാക്കുന്നത് ദ്രുതഗതിയിൽ നടക്കുകയാണ്.
കഴിഞ്ഞ ജൂലായിൽ തായിൽപെട്ടിയ്‌ക്ക് സമീപം പടക്കനിർമ്മാണ ശാലയിൽ സ്‌ഫോടനമുണ്ടായി മൂന്നുപേർ മരിച്ചിരുന്നു. അരിയല്ലൂരിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ 10 പേർക്കാണ് ജീവൻ നഷ്‌ടമായത്. വെട്രിയൂർ വിരാഗല്ലൂരിൽ ഒക്‌ടോബർ ഒൻപതിന് രാവിലെ 10നാണ് സ്ഫോടനം ഉണ്ടായത്.
#WATCH | Tamil Nadu: An explosion took place at a firecracker manufacturing factory near Sivakasi in Virudhunagar district, fire extinguisher reaches the spot: Fire and Rescue department pic.twitter.com/CqE1kCAJ3S
— ANI (@ANI) October 17, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |